ഹരിപ്പാട് : വാദ്യമേളങ്ങളുടെ അകമ്പടിയിൽ, ഹര ഹരോ... നാമജപത്തോടെ ആയിരക്കണക്കിന് ഭക്തർ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാവടിയാടി. പുലർച്ചെ 3.30 മുതൽ ഭക്തർ കാവടിയേന്തിയ സംഘങ്ങൾ ക്ഷേത്രത്തിലെത്തി. എണ്ണ കാവടികളാണ് ആദ്യം ക്ഷേത്ര ദർശനം നടത്തി അഭിഷേകം ചെയ്തത്.
രാവിലെയും വൈകിട്ടുമായി അയ്യായിരത്തിലധികം ഭക്തർ കാവടികളേന്തി ക്ഷേത്രദർശനം നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്ഷേത്രത്തിൽ ദർശനത്തിനുള്ള അനുമതി .
ഇന്നലെ പുലർച്ചെ 3ന് നടതുറന്നതോടെ തൈപ്പൂയ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് കാർത്തികപ്പളളി താലൂക്കിലെ വിവിധ പ്രദേശങ്ങളിലുളള നാല്പതിൽപ്പരം ക്ഷേത്രങ്ങളിൽ നിന്നും പത്തോളം മറ്റ് ആരാധനായങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് കാവടികൾ ക്ഷേത്രത്തിലേക്കെത്തി. ആദ്യം എണ്ണ കാവടികളുടെ അഭിഷേകം പൂർത്തിയാക്കിയശേഷം ശർക്കര, പനനീർ, പാൽ, തേൻ, നെയ്യ്, കരിക്ക് എന്നിവ നിറച്ച കാവടികൾ ക്ഷേത്രത്തിൽ എത്തി അഭിഷേകം നടത്തി. ബ്രാഹ്മണമഠത്തിൽ നിന്നുളള കളഭക്കാവടിയാട്ട വരവോടെ രാവിലത്തെ കാവടി അഭിഷേകം പൂർത്തിയായി.
വൈകിട്ട് പുഷ്പം, ഭസ്മം, കുങ്കുമം കാവടികൾ ക്ഷേത്രത്തിൽ അഭിഷേകം നടത്തി. ശൂലക്കാവടികൾ ക്ഷേത്രത്തിനുളളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അറിയിപ്പ് ഉണ്ടായിരുന്നതിനാൽ എത്തിയ ശൂലക്കാവടികൾ ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിൽ ഭഗവാനെ വണങ്ങി മടങ്ങി. ഹരിപ്പാട് പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു.