മാവേലിക്കര: പാലിൽ കൃതിമം കാട്ടിയത് കണ്ടെത്തി സൊസൈറ്റി സെക്രട്ടറിയെ കർഷകൻ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും അസഭ്യം പറഞ്ഞതായും പരാതി.
ഇയാൾ ഭരണ സമിതി അംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും പരാതി. മാവേലിക്കര മിൽക്ക് സപ്ലൈസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് സംഭവം. സൊസൈറ്റിയുടെ ചെട്ടികുളങ്ങര തട്ടാരമ്പലം ബ്രാഞ്ചുകളിൽ പാൽ നൽകുന്ന ചെട്ടികുളങ്ങര കൈതവടക്ക് സ്വദേശിക്കെതിരെയാണ് പരാതി. പാലിൽ കൃത്രിമം കാട്ടുന്നുണ്ടെന്ന ഉപഭോക്താക്കളുടെ നിരന്തര പരാതിയെ തുടർന്ന് 17ന് കർഷകൻ നൽകിയ പാലിൽ ലാബ് അസിസ്റ്റന്റിനെക്കൊണ്ട് നടത്തിയ പരിശോധനയിൽ മധുരം കലർത്തിയതായി കണ്ടെത്തിയെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ബോർഡ് യോഗം ചേർന്ന് കർഷകന്റെ പാൽ ഇനി ശേഖരിക്കേണ്ടെന്ന് തീരുമാനമെടുത്തു. 18ന് രാവിലെ ഇതുസംബന്ധിച്ച അറിയിപ്പ് നൽകാനായി സെക്രട്ടറി രഞ്ജിത നേരിട്ട് തട്ടാരമ്പലം ബ്രാഞ്ചിലെത്തി. എന്നാൽ ഈ സമയം ആളുകൾക്ക് മുന്നിൽവച്ച് ഇയാൾ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നെന്ന് സെക്രട്ടറി മാവേലിക്കര സി.ഐയ്ക്ക് കൊടുത്ത പരാതിയിൽ പറയുന്നു.