photo

നാളെ പ്രധാന തിരുനാൾ

ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള അത്ഭുത തിരുസ്വരൂപ നടതുറക്കൽ ഭക്തിസാന്ദ്രമായി. നാളെയാണ് പ്രധാന തിരുനാൾ.

ചൊവ്വാഴ്ച പുലർച്ചെ 5ന് പ്രത്യേക പ്രാർത്ഥനകളോടെയും ആചാരാനുഷ്ഠാനങ്ങളോടെയും ബസിലിക്ക റെക്ടർ ഫാ. സ്​റ്റീഫൻ ജെ.പുന്നയ്ക്കലിന്റെ നേതൃത്വത്തിലാണ് നടതുറന്നത്. പള്ളിയിലെ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപം തിരുനാൾ ദിവസങ്ങളിൽ മാത്രമാണ് പുറത്തെടുക്കുന്നത്.

നടതുറപ്പിൽ വിശുദ്ധനെ ആദ്യസമയം തന്നെ ദർശിച്ച്, പ്രാർത്ഥനകളും നേർച്ച, കാഴ്ചകളും അർപ്പിക്കാൻ നൂറുകണക്കിന് വിശ്വാസികൾ എത്തിയിരുന്നു.

ചടങ്ങുകൾ ഓൺലൈനിലുമുണ്ടായിരുന്നു.തുടർ ദിവസങ്ങളിലും കൊവിഡ് മനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾക്ക് തിരുസ്വരൂപം ദർശിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദേവാലയത്തിൽ പ്രവേശിക്കുന്നതിനും മടങ്ങുന്നതിനും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ദേവാലയ മു​റ്റത്ത് വിശ്വാസികൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന് ക്രമീകരണം ഒരുക്കി. ഇന്ന് രാവിലെ 5.30 മുതൽ രാത്രി പത്ത് വരെ തുടർച്ചയായി ദിവ്യബലി. തിരുനാൾ ദിനമായ നാളെ രാവിലെ 5.30 മുതൽ രാത്രി 10 വരെ തുടർച്ചയായി ദിവ്യബലി, രാവിലെ 11 ന് ആഘോഷമായ ദിവ്യബലി, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ കാർമികത്വം വഹിക്കും. വൈകിട്ട് 3ന് പൊന്തിഫിക്കൽ ദിവ്യബലി, ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ കാർമ്മികനാകും. എട്ടാം തിരുനാൾ ദിനമായ 27 വരെ വിശ്വാസികൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുസ്വരൂപം വണങ്ങുന്നതിന് സൗകര്യമുണ്ടാകും.