t-v-r
തുറവൂർ - തൈക്കാട്ടുശേരി റോഡിൽ വളമംഗലത്ത് റീടാറിംഗ് ജോലികൾ ആരംഭിച്ചപ്പോൾ

തുറവൂർ: നിർദ്ദിഷ്ട തുറവൂർ - പമ്പ പാതയിലെ തകരാത്ത തുറവൂർ - തൈക്കാട്ടുശേരി റോഡ് ലക്ഷങ്ങൾ മുടക്കി റീ ടാറിംഗ് ചെയ്യുന്നതായി ആക്ഷേപം. വർഷങ്ങൾക്ക് മുൻപ് നല്ല ഗുണനിലവാരത്തിൽ നിർമ്മിച്ച റോഡാണിത്.റോഡിലെ വെള്ളവര പോലും മാഞ്ഞ് തുടങ്ങിയിട്ടില്ല. പലയിടത്തും വീതിയില്ലാതെ നടപ്പാതയില്ലാത്ത റോഡിൽ കുഴികളൊന്നുമില്ല. എന്നിട്ടും ലക്ഷങ്ങൾ ചെലവഴിച്ചു റോഡ് റീ ടാറിങ്ങ് ചെയ്യുന്നത് എന്തിനെന്ന ചോദ്യത്തിന് അധികൃതർ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. തിരക്കേറിയ റോഡ് വികസിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് വളവുകളിൽ ചെറിയ രീതിയിൽ മെറ്റൽ ഇളകിയത് മാത്രമാണ് നിലവിൽ റോഡിന്റെ പോരായ്മ. തൈക്കാട്ടുശേരി പാലം മുതൽ പടിഞ്ഞാറ് തുറവുർ ഭാഗത്തേക്കാണ് തീരെ കുറഞ്ഞ കനത്തിൽ മിന്നൽ വേഗത്തിൽ റീ ടാറിംഗ് ജോലികൾ ഇന്നലെ രാവിലെ ആരംഭിച്ചത്.