
അരൂർ: മറ്റൊരു ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. ബൈക്കിൽ യാത്ര ചെയ്തിരുന്ന ചേർത്തല അർത്തുങ്കൽ വിഷ്ണുഭവനിൽ പ്രദീപ് (55), ഭാര്യ സുമ (43) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ പാതയിൽ ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ദമ്പതികൾ എറണാകുളത്തു നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു ബൈക്ക് ഇവർ സഞ്ചരിച്ച ബൈക്കിൽ ഉടക്കിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പ്രദീപിന്റെ കാലൊടിഞ്ഞു. സുമയുടെ തലയ്ക്ക് പരിക്കേറ്റു. ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളെ പിന്നീട് വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.