 
പൂച്ചാക്കൽ : കുടുംബനാഥന്റെ മരണത്തോടെ ജീവിതം പ്രതിസന്ധിയിലായ അമ്മയും മൂന്ന് പെൺമക്കളും അന്നത്തിന് വക കണ്ടെത്താൻ ഇലഞ്ഞിക്കൽ ജംഗ്ഷനിൽ പെട്ടിക്കട തുടങ്ങി. പാണാവള്ളി പതിനാറാം വാർഡ് കാരളപ്പതി അക്ഷര നിവാസിലെ ജയാനന്ദന്റെ അപ്രതീക്ഷിത മരണമാണ് ഭാര്യ ഉദയമ്മയുടെയും വിദ്യാർത്ഥിനികളായ മക്കളുടെയും ജീവിതം പ്രതിസന്ധിയിലാക്കിയത്.
നാലു പെൺമക്കളിൽ മൂത്തയാളുടെ ആര്യയുടെ കല്യാണത്തിന് ശേഷമാണ് ജയാനന്ദൻ കാൻസർ ബാധിനാണെന്ന് അറിഞ്ഞത്. ഇതിനുള്ള ചികിത്സക്കിടെ കൊവിഡ് ബാധിച്ച് ആറു മാസങ്ങൾക്ക് മുമ്പ് മരിച്ചു. ഇലഞ്ഞിക്കൽ ജംഗ്ഷനിലെ പുറമ്പോക്കിൽ ബാർബർ ഷോപ്പ് നടത്തുകയായിരുന്നു ജയാനന്ദൻ.
മകളുടെ കല്യാണാവശ്യത്തിന് ആകെയുള്ള മൂന്ന് സെന്റ് പണയപ്പെടുത്തി സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവും ജയാനന്ദന്റെ മരണത്തോടെ മുടങ്ങി. ഇതിനിടെ ലൈഫ് പദ്ധതിയിൽ അനുവദിച്ചു കിട്ടിയ വീടിന്റെ അവസാന ഘട്ട പണിയും പൂർത്തിയാക്കാനായില്ല. കട്ടിളയും വാതിലും ജനലുകളും ഇല്ലാത്ത വീട്ടിലാണ് പ്രായപൂർത്തിയായ മൂന്നു പെൺകുട്ടികളോടൊപ്പം ഉദയമ്മ അന്തിയുറങ്ങുന്നത്. വാതിലിനു പകരം പഴയ സാരി കെട്ടി മറച്ചിരിക്കുകയാണ്. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്ന് ഉദയമ്മ പറഞ്ഞു. വീടിന് കെട്ടുറപ്പുണ്ടാക്കി കിട്ടിയാൽ വലിയ ആശ്വാസമാകുമെന്ന് ഇളയ മകൾ അക്ഷര പറയുന്നു.