കായംകുളം: കൊവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കായംകുളം നഗരസഭയിൽ അടിയന്തിര മോണിട്ടറിംഗ് കമ്മിറ്റി യോഗം ചേർന്നു.
അടിയന്തരമായി വാർഡുകളിൽ ജാഗ്രതാസമിതി കൂടുവാനും വാർഡ് തല പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാനും തീരുമാനിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി നഗരസഭാ പ്രദേശത്ത് നോട്ടീസ് വിതരണം, അനൗൺസ്‌മെന്റ് എന്നിവ നടത്തും. കല്യാണം, മരണം മറ്റു ചടങ്ങുകൾ എന്നിവ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തും. ചടങ്ങുകൾ നടത്തുന്നതിനായി നഗരസഭയുടെയും പൊലീസിന്റെയും അനുമതി ഉറപ്പാക്കും. നഗരസഭ പ്രദേശത്തെ ഷോപ്പുകളും മറ്റ് സ്ഥാപനങ്ങളിലും ആരോഗ്യ വിഭാഗ പരിശോധന നടക്കും.
കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്ന വാർഡുകളിലും ബസ് സ്റ്റാന്റ് , മാർക്കറ്റ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണം നടത്താനും തീരുമാനിച്ചു. നഗരസഭ ചെയർപേഴ്‌സൺ പി. ശശികല അദ്ധ്യക്ഷത വഹിച്ചു.
കായംകുളം പുതിയടുത്ത് പ്രവർത്തിക്കുന്ന കാനറാബാങ്കിലെ 14 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാങ്ക് അണുമുക്തമാക്കി നഗരസഭയിൽ അറിയിച്ചതിനു ശേഷമേ തുറക്കാവൂ എന്ന് നഗരസഭ ആരോഗ്യ വിഭാഗം നിർദ്ദേശം നൽകി.