ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന തുടരുന്നു. കയർ മെഷിനറി മാനുഫാക്ചറിംഗ് ഫാക്ടറി വളപ്പ്, കുടുംബശ്രീ നോർത്ത് സി.ഡി.എസ് ഓഫീസ് അങ്കണം എന്നിവിടങ്ങളിലെ ജനകീയ ഭക്ഷണശാലകൾ, കിടങ്ങാം പറമ്പ് രാധികാ ഹോട്ടൽ, തലവടി ഡി.എസ് റഹ്മാനിയ ഹോട്ടൽ, അവലൂക്കുന്ന് ഏദൻ ഗാർഡൻ എന്നിവിടങ്ങളിൽ പരിശോധന നടത്തിയതിൽ പഴകിയതോ ഉപയോഗ ശൂന്യമായ ഭക്ഷ്യ വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല. രാത്രികാലങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ തട്ടുകടകളിൽ പരിശോധന നടത്തി. ന്യൂനതകൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി​.

ജില്ലാ കോടതി പാലം മുതൽ കൈ ചൂണ്ടി വരെ അനധികൃത കച്ചവടം കൂടിയതിനാൽ അവനീക്കം ചെയ്യാൻ കച്ചവടക്കാർക്ക് നിർദ്ദേശം നൽകി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൈവശം വച്ച അവലൂക്കുന്ന് പ്രദേശത്തെ നവാസ്, സാദിക്ക് മൻസിൽ, മുഹമ്മദ് ഫാസിൽ, നസിയിൽ വീട് എന്നീ വ്യാപാരികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തു.

ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ, ജെ.എച്ച്.ഐമാരായ രഘു സി.വി, ഗിരീഷ് എ.എസ്, ശിവകുമാർ വി, ടെൻഷി സെബാസ്റ്റ്യൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.