s

ആലപ്പുഴ: നഗരത്തിലെ ചെറുകനാലുകളുടെ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. കിഫ്ബിയിൽ നിന്ന് 35കോടിരൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനാൽ അടുത്ത ദിവസം എഗ്രിമെന്റ് നടപടികൾ പൂർത്തീകരിച്ച് അടുത്തമാസം ആദ്യം നവീകരണ ജോലികൾ ആരംഭിക്കും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് ജോലികൾ നടക്കുക. പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരത്തിലെ കനാലുകളുടെ നവീകരണം. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന പൊളവാരൽ യന്ത്രം, നിരീക്ഷണ കാമറകൾ എന്നിവയ്ക്ക് നേരത്തെ പണം അനുവദിച്ച് കരാർ ഉറപ്പിച്ചിരുന്നു. അലക്ഷ്യമായി കനാലിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി കാമറകൾ സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും. കാമറകൾ നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനാണ് പദ്ധതി.

നിലവിലുള്ള ചെറുകനാലുകൾ സ്വകാര്യ വ്യക്തികൾ കയ്യേറി നികത്തിയതിനാൽ മഴപെയ്താൽ നഗരം ദിവസങ്ങളോളം വെള്ളക്കെട്ടിൽ മുങ്ങുന്നത് പതിവാണ്. ആദ്യഘട്ടത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച വാടക്കനാൽ, കൊമേഴ്സ്യൽ കനാൽ, ഉപ്പൂറ്റി കനാൽ, എ.എസ് കനാൽ എന്നിവയുമായി ചെറുകനാലുകൾ ബന്ധിപ്പിച്ച് നീരോഴുക്ക് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. എ.എസ് കനാലിന്റെ മട്ടാഞ്ചേരി പാലം മുതൽ കലവൂർ വരെയുള്ള ഭാഗത്തെ നവീകരണ ജോലികൾ അവസാനഘട്ടത്തിലാണ്.

35കോടിയുടെ പദ്ധതികൾ

1. 54 ചെറുകനാലുകളുടെ നവീകരണം, കൽക്കെട്ട്

2.ആലപ്പുഴ-ചേർത്തല കനാലിൽ പുതിയ 3 പാലങ്ങൾ,

3.നഗരത്തിലൂടെ ഒഴുകുന്ന കാപ്പിത്തോടിന്റെ നവീകരണം,

4.വേമ്പനാട്ട് കായലുമായി എ.എസ് കനാലിനെ ബന്ധിപ്പിക്കും

5.ഇതിനായി മറ്റത്തിൽ ഭാഗം മുതൽ കോമളപുരം സ്പിന്നിംഗ്

മില്ലു വരെയുള്ള തോടിന്റെ ആഴം വർദ്ധിപ്പിക്കും

പെഡൽ ബോട്ടിംഗ്

ആറ് പൈതൃക മ്യൂസിയങ്ങളുടെയും മുഴുവൻ കനാലുകളുടെയും നവീകരണം പൂർത്തികരിക്കുന്നതോടെ നഗരത്തിൽ എത്തുന്ന സഞ്ചാരികൾക്ക് കനാലിന്റെയും സൗന്ദര്യം ആസ്വദിക്കാൻ പെഡൽ ബോട്ടിംഗ് സംവിധാനം ഏർപ്പെടുത്തും. ഇവർക്ക് പൈതൃക മ്യൂസിയങ്ങളിൽ വിശ്രമിക്കാൻ സൗകര്യമുണ്ടാകും.

"രണ്ടാംഘട്ട കനാൽ നവീകരണത്തിന് 35കോടിരൂപയുടെ ടെണ്ടർ നടപടി പൂർത്തികരിച്ചു. അടുത്തമാസം നിർമ്മാണം ആരംഭിക്കും. എ.എസ് കനൽ നവീകരണം പൂർത്തീ

കരിക്കുന്നതോടെ പെഡൽ ബോട്ടിംഗ് സംവിധാനം ഏർപ്പെടുത്തും.

- കെ.പി. ഹരൺബാബു, ഡെപ്യൂട്ടി ജനറൽ മാനേറർ,

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ.