ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രങ്ങൾ കടുപ്പിക്കുമ്പോഴും ആലപ്പുഴ ബീച്ചിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നു. സാധാരണ അവധി ദിവസങ്ങളിലാണ് തിരക്ക്. എന്നാൽ ബീച്ചിൽ സാധാരണ ദിവസങ്ങളിലും രാവിലെയും വൈകിട്ടും ആളുകൾ ധാരാളമായി എത്തുന്നുണ്ടെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു.
വൈകുന്നേരങ്ങളിൽ കുട്ടികളുമൊത്ത് തന്നെയാണ് മിക്കവരും ബീച്ചിൽ എത്തുന്നത്. പലപ്പോഴും പൊലീസ് ഉൾപ്പടെയുള്ളവർ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ടൂറിസ്റ്റ് ബസുകളിലാണ് സഞ്ചാരികൾ എത്തിയത്.
ബീച്ചിൽ എത്തുന്നവർ ഇപ്പോഴും മാസ്ക് ധരിക്കാത്ത സ്ഥിതി വിശേഷവുമുണ്ട്. ഇവിടെ ആളുകൂടുന്നത് ഒഴിവാക്കാൻ സമയ ക്രമീകരണം വേണമെന്ന ആവശ്യം പ്രദേശവാസികൾ ശക്തമായി ഉന്നയിക്കുന്നു. സഞ്ചാരികൾ കൂടാതെ ബീച്ചിലെ ഒരു വിഭാഗം കച്ചവടക്കാരും മാസ്ക് ഉപയോഗിക്കുന്നില്ലെന്ന് പരാതിയുണ്ട്. കടകളുടെ മുമ്പിൽ നിന്ന് ഇപ്പോൾ സാനിട്ടൈസറും കാണാനില്ല. കൊവിഡ് ഒന്ന്, രണ്ട് തരംഗങ്ങളുടെ സമയത്ത് നിരോധനാജ്ഞ നിിലനിന്നതിനാൽ ബീച്ചിൽ സന്ദർശകർക്കുള്ള വിലക്ക് ഉണ്ടായിരുന്നു. ബീച്ചിലെ പ്രവേശന കവാഡത്തതിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. പിന്നീട് ബീച്ച് തുറന്നെങ്കിലും ജില്ലാ ഭരണകൂടം നിയന്ത്രണം വച്ചിരുന്നു.
ആലപ്പുഴ, മാരാരി, തോട്ടപ്പള്ളി, വലിയഴീക്കൽ, അർത്തുങ്കൽ ബീച്ചുകളാണ് ജില്ലയിൽ സഞ്ചാരികളുടെ മനം കവരുന്നത്. ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ ഒരാഴ്ചയായി കൂടുതലാണ്. നിയന്ത്രണങ്ങൾ നിലനിൽക്കെ ഇന്നലെയും ആലപ്പുഴ ബീച്ചിന്റെ സമീപ പ്രദേശങ്ങളിലേക്ക് നിരവധി പേരെത്തിയിരുന്നു. ഇവരെ നിയന്ത്രിച്ച് തിരിച്ചയക്കാൻ പൊലീസും ലൈഫ് ഗാർഡുകളും ബുദ്ധിമുട്ടുകയാണ്.
ആലപ്പുഴ ബീച്ചിലേക്കുള്ള പ്രധാന കവാടം അടച്ചാലും വിജയ് പാർക്കിൽ നിന്ന് 100 മീറ്റർ അകലെയാണ് ജനങ്ങൾ എത്തുന്നത്. കൊവിഡ് പ്രതിരോധ മാർഗങ്ങൾ പാലിക്കാതെ ആളുകൾ എത്തുന്നതു രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ വ്യക്തമാക്കി.
...............
# അടച്ചാൽ ദുരിതക്കടലിലെന്ന് വ്യാപാരികൾ
അതേസമയം ബീച്ചിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയാൽ തങ്ങൾ വീണ്ടും ദുരിതത്തിലാകുമെന്ന് ബീച്ചിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ പറയുന്നു. തിരിച്ചു വരവിന്റെ പാതയിലായിരുന്നു കച്ചവട സ്ഥാപനങ്ങൾ. പലരും കടം മേടിച്ചാണ് കടകൾ പുനരാരംഭിച്ചത്. മൂന്ന് മാസമായി അവധി ദിവസങ്ങളിൽ പൊരിക്കടകൾക്ക് നല്ല വരുമാനം ലഭിച്ചിരുന്നു.
.......
'' ആലപ്പുഴ ബീച്ചിൽ എത്തുന്ന സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. ആരും മാസ്ക് വയ്ക്കുന്നില്ല. മുതിർന്നവർക്കൊപ്പം കുട്ടികളും എത്തുന്നതും ആശങ്ക ഉയർത്തുന്നു.
(അനിൽ കുമാർ,ലൈഫ് ഗാർഡ്)