photo
റോഡ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി കാണ തകർത്ത് മെറ്റൽ നിരത്തിയ നിലയിൽ

ആലപ്പുഴ: ആലുംചുവട് ജംഗ്ഷൻ മുതൽ പുന്നമട വരെയുള്ള റോഡിന്റെ സമീപവാസി​കൾ വലി​യ പരി​ഭ്രാന്തി​യി​ലാണ്. നി​ലവി​ലുള്ള കാനയുടെ മുകളി​ലൂടെ ഇവി​ടെ നടക്കുന്ന റോഡ് പുനർ നി​ർമാണമാണ് പ്രശ്നകാരണം. ഈ രീതി​യി​ൽ റോഡ് നിർമി​ക്കുകയാണെങ്കി​ൽ റോഡിന്റെ ഇരുവശത്തുമുള്ള കുടുംബങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങുമെന്നാണ് ഇവർ ഭയപ്പെടുന്നത്.

റോഡിൽ ചേരമാൻ കുളങ്ങര മുതൽ തോട്ടാതോട് വരെ കിഴക്ക്ഷൊർണൂർ കനാലിൽ ഭാഗത്ത് നിർമ്മിച്ച കാണമൂടിയ സ്ളാബിന്റെ മുകളിൽ മെറ്റൽ നിരത്തി റോഡ് പുനർനിർമ്മിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രദേശവാസികൾ പരാതിയുമായി എത്തിയത്.

അഞ്ച് വർഷം മുമ്പാണ് റോഡിൽ സ്ളാബോടു കൂടിയ കാണ ഇവി​ടെ നിർമ്മിച്ചത്. നിരവധികുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴക്കാലത്തെ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിന് മഴ വെള്ളം ഒഴുകി പുന്നമടകായലിൽ പതിക്കുന്ന കാനയാണിത്.

റോഡിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള റോഡ് പൊളിച്ച് ഉയർത്തിയാണ് നിർമ്മിക്കുന്നത്. കാണയുടെ ഭാഗം താഴ്ന്നു കിടക്കുന്നതിനാൽ നിലവിലുള്ള സ്ളാബിന്റെ മുകളിലും ഇപ്പോൾ മെറ്റൽ നിരത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇപ്പോഴത്തെ നിലയിൽ റോഡ് നിർമ്മാണം പൂർത്തികരിച്ചാൽ റോഡിന്റെ ഇരുവശത്തുമുള്ള കുടുംബങ്ങൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങും. ഇതിന് പുറമേ സ്ളാബിന്റെ മുകളിലൂടെ ഭാരമേറിയ വാഹനങ്ങൾ കയറിയാൽ ദുരന്തം വിളിച്ചു വരുത്തും. കാണ അടച്ചുള്ള റോഡ് നിർമ്മാണത്തിനെതിരെ പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ് അധികാരികൾക്കും ജനപ്രതിനിധികൾക്കും പരാതി നൽകി. നിർമ്മാണ ജോലികൾ

രാത്രികാലത്താണ് നടക്കുന്നത്.

#നിർമ്മാണത്തിന് 9കോടി

പൊതുവരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള മൂന്ന് കിലോമീറ്റർ ദൈർഘ്യം വരും. നഗരപാത പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ കോടതി പാലം പുതൽ കിഴക്കോട്ട് പുന്നമട വഴി ആലുംചുവട് വരെ 9കോടി രൂപ ചെലവഴിച്ചാണ് റോഡ് പുനർ നിർമ്മിക്കുന്നത്. ജില്ലാ കോടതി, തത്തംപ്പള്ളി, കരളകം, പുന്നമട, കൊറ്റംകുളങ്ങര, അലക്കുന്ന്, കിടങ്ങാംപറമ്പ് വാർഡുകളിലൂ‌ടെയാണ് റോഡ് കടക്കു പോകുന്നത്. ടൂറിസത്തിന് ഏറെ പ്രധാന്യം നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. കലണ്ണൂരിൽ നിന്ന് എത്തുന്നവർക്ക് പുന്നമട സ്റ്റാർട്ടിംഗ് പോയന്റിലും ജില്ലാ കോടതിപാലത്തിന്റെ ഭാഗത്തുനിന്ന് ഇത്തുന്നവർക്ക് ഫിനിഷിംഗ് പോയന്റിലും എത്തിച്ചേരാൻ കഴിയും.

" റോഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി നിലവിലെ കാണ അടക്കുമെന്ന ആശങ്ക വേണ്ട. റോഡ് ഉറപ്പിക്കുന്നതിന്റെ ഭാഗമായി കാണയുടെ മുകളിലേക്ക് മെറ്റലുകൾ തെറിച്ചു വീഴുന്നത് നീക്കം ചെയ്ത ശേഷം കാണ ഒഴിവാക്കിയാണ് ടാറിംഗ് നടത്തുക.

അസി. എൻജിനീയർ, പൊതുവരാമത്ത് വകുപ്പ്

"റോഡ് നവീകരണം ടൂറിസത്തിന് പ്രാധാന്യം നൽകിയാണ് നിർമ്മിക്കുന്നത്. കാണ അടച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതരത്തിൽ പദ്ധതി നടപ്പാക്കില്ലെന്ന് ബന്ധപെട്ട ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്.

കെ.ബാബു, ചെയർമാൻ, പൊതുവരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി, നഗരസഭ

"റോഡ് വികസനത്തിന് എതിരല്ല. നിലവിലെ ഒഴുക്കുചാൽ ഇല്ലാതാക്കിയുള്ള നിർമ്മാണ പ്രവർത്തനം മഴക്കാലത്ത് പ്രദേശത്തെ വെള്ളക്കെട്ടിലാക്കും. നിലവിലെ കാണ സംരക്ഷിക്കണം.

അഡ്വ. സിറിൽ ജോസഫ്, പ്രദേശവാസി