ആലപ്പുഴ : സാഹസിക വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ആലപ്പുഴ ബീച്ചിൽ ഫ്‌ളോട്ടിംഗ് പാലം ഒരുക്കുന്നതിന് പൂട്ടിട്ട് നഗരസഭ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഫ്ളോട്ടിങ് പാലം നിർമിക്കുന്നതെന്നതിനുള്ള സാക്ഷ്യപത്രം ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. 50 ലക്ഷം രൂപ മുതൽ മുടക്കിൽ തൃശൂർ സ്വദേശികളായ പി.ബി. നിഖിൽ, പി.ടി. റോബിൻ, വിഷ്ണുദാസ്, ആൽവിൻ എന്നീ യുവസംരംഭകരുടെ നേതൃത്വത്തിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പ് കമ്പനിയാണ് ഫ്ളോട്ടിംഗ് പാലമെന്ന ആശയം മുന്നോട്ടുവച്ചത്.
ബീച്ചിൽ തുറമുഖ പാലത്തിന് സമീപം തീരത്തുനിന്ന് 150 മീറ്റർ കടലിലേക്കാണ് ഫ്ളോട്ടിങ് പാലം നിർമിക്കുന്നത്.തിരമാലകളിൽ ആടുന്ന പാലത്തിലൂടെ ആളുകൾക്ക് കടലിലേക്ക് നടന്നെത്താം. .പാലത്തിന്റെ ഒരു സ്‌ക്വയർ മീറ്ററിൽ 350 കിലോഗ്രാം ഭാരമാണ് താങ്ങാൻ കഴിയുക. ആകെ 356 സ്‌ക്വയർ മീറ്റർ ദൂരമുള്ള പാലത്തിന് ഒരുലക്ഷത്തിന് മുകളിൽ ഭാരം താങ്ങാനും ഒരേസമയം 1000 പേരെ ഉൾക്കൊള്ളാനുമുള്ള ശേഷിയുണ്ട്.
'' ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് യാതൊരു രേഖകളും നഗരസഭയിൽ സമർപ്പിക്കാൻ കമ്പനി തയാറായിട്ടില്ല. സുരക്ഷാ പരിശോധനയിൽ വിജയിക്കുന്ന പക്ഷം പ്രവർത്തനാനുമതി നൽകുന്നതിൽ തടസമില്ല. ഇത്തരം നൂതന ആശയങ്ങൾ ആലപ്പുഴയിൽ വരുന്നത് സ്വാഗതം ചെയ്യുന്നു
-സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ