 
ആലപ്പുഴ: പള്ളാത്തുരുത്തി - തിരുമല വാർഡുകാർക്ക് ആശ്വാസത്തോടെ കരയിലും വെള്ളത്തിലും ഇനി യാത്ര നടത്താം. കുണ്ടും കുഴിയുമായ ചുങ്കം- പള്ളാത്തുരുത്തി റോഡിന്റെ നവീകരണം തുടങ്ങിക്കഴിഞ്ഞു. ചോർച്ചയെത്തുടർന്ന് നിർത്തിവച്ചിരുന്ന ചുങ്കം - പള്ളാത്തുരുത്തി തോട്ടിലെ കടത്തുതോണി സർവീസും പുനരാരംഭിച്ചു.
രണ്ട് കിലോമീറ്റർ റോഡ് 4 മുതൽ 5.5 മീറ്റർ വരെ വീതിയിൽ ബി.എം.ബി.സി സാങ്കേതിക മികവിലാണ് നവീകരിക്കുന്നത്. 2.8 കോടിരൂപ ചെലവിൽ 6 മാസത്തിനുള്ളിൽ പുനർനിർമ്മാണം പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്. വിനോദസഞ്ചാരികളടക്കം ആശ്രയിക്കുന്ന റോഡ‌് വർഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ തകർന്നു കിടക്കുകയാണ്. തിരുമല, നെഹ്റുട്രോഫി, പള്ളാത്തുരുത്തി വാർഡുകാരും കൈനകരി പഞ്ചായത്തിലെ പടിഞ്ഞാറെക്കരക്കാരുമാണ് റോഡിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഇടിഞ്ഞുതാഴ്ന്ന കല്ലുപാലം - ചുങ്കം റോഡിന്റെ നവീകരണം മാർച്ചിൽ ആരംഭിക്കും.
പുത്തൻ തോണി നീറ്റിലിറക്കി
സ്കൂൾ വിദ്യാർത്ഥികളുൾപ്പടെയുള്ള പള്ളാത്തുരുത്തിക്കാർക്ക് നഗരത്തിലെത്താനുള്ള എളുപ്പമാർഗമായ ചുങ്കം - പള്ളാത്തുരുത്തി തോട്ടിലെ ചിറക്കോട് മസ്ജിദിന് സമീപത്തെ കടത്ത് തോണി ജനകീയ പങ്കാളിത്തത്തോടെ പുനഃസ്ഥാപിച്ചു. ചോർച്ചയെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി തോണി കരയ്ക്ക് കയറ്റിവച്ചിരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർക്ക് മറുകര എത്താനുള്ള മാർഗമടഞ്ഞിരുന്നു. പള്ളാത്തുരുത്തി - തിരുമല വാർഡുകളെയാണ് തോണി ബന്ധിപ്പിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ പണം സ്വരൂപിച്ചാണ് പുത്തൻ തോണി നീറ്റിലിറക്കിയത്.
ചുങ്കം - പള്ളാത്തുരുത്തി റോഡിന്റെ നവീകരണം ആരംഭിച്ചതോടെ ദീർഘകാലത്തെ പരാതിക്കാണ് വിരാമമാകുന്നത്. പ്രദേശവാസികൾ ഏറെ ആശ്രയിക്കുന്ന കടത്തുതോണിയും ജനകീയ പങ്കാളിത്തത്തോടെ യാഥാർത്ഥ്യമായി. ഇതോടെ നിരവധിപ്പേരുടെ യാത്രാക്ലേശത്തിന് പരിഹാരമാകും
- പി.എസ്.എം ഹുസൈൻ, വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ