ചേർത്തല : നഗരസഭയിൽ കുടുംബശ്രീ എ.ഡി.എസ് തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായി.35 വാർഡുകളിലും ശക്തമായ മത്സരങ്ങളാണ് നടന്നത്. 35 വാർഡുകളിലായുള്ള മത്സരത്തിൽ സി.പി.എമ്മിന് തന്നെയാണ് മേധാവിത്വമെങ്കിലും ചെയർപേഴ്‌സൺ ഷേർളിഭാർഗവന്റെ സ്വന്തം വാർഡായ എട്ടിലും ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജി.രഞ്ജിത്തിന്റെ 17-ാം വാർഡിലും പാർട്ടിക്കു തിരിച്ചടിയുണ്ടായി. സി.പി.എം ശക്തികേന്ദ്രമായിരുന്ന ശാവേശേരി ഒമ്പതാം വാർഡിൽ സി.പി.ഐ ഒ​റ്റക്കു നേട്ടമുണ്ടാക്കിയതും ശ്രദ്ധേയമായി.
കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ നേട്ടങ്ങളുണ്ടാക്കിയപ്പോഴും പാർട്ടി കേന്ദ്രങ്ങളിൽ ഉണ്ടായ തിരിച്ചടി സി.പി.എമ്മിൽ ചർച്ചയായിട്ടുണ്ട്. ഓരോ വാർഡിൽ നിന്നും 11 എ.ഡി.എസ് അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്.എട്ടാം വാർഡിൽ എ.ഡി.എസ് വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിലാണ് പാർട്ടി പ്രതിനിധിയായി നിർത്തിയ സ്ഥാനാർത്ഥി പരാജയപെട്ടത്. 17നെതിരെ 38 വോട്ടുകൾക്കാണ് പരാജയം.17-ാം വാർഡിൽ 4 പ്രതിനിധികളെ മാത്രമാണ് സി.പി.എമ്മിന് തിരഞ്ഞെടുക്കാനായത്.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി അറിയപെടുന്ന ഒമ്പതാംവാർഡിൽ 11ൽ പത്തും സി.പി.ഐ നേടിയത് ചർച്ചയായി.സി.പി.എമ്മിൽ നിന്നും പുറത്തായി സ്വതന്ത്റനായി മത്സരിച്ചു ജയിക്കുകയും പിന്നീട് സി.പി.ഐയിൽ ചേരുകയും ചെയ്ത പി.എസ്.ശ്രീകുമാറാണ് ഒമ്പതാം വാർഡ് കൗൺസിലർ.കൗൺസിലറുടെ നേതൃത്വത്തിലായിരുന്നു ഇവിടെ സി.പി.ഐ ഏകപക്ഷീയ മേധാവിത്വം നേടിയത്.
എന്നാൽ രാഷ്ട്രീയ അടിസ്ഥാനത്തിലല്ലമത്സരമെന്നും ജനാധിപത്യപരമായ നടപടികളാണ് നടന്നതെന്നുമുള്ള വാദമാണ് നഗരസഭാ അധികൃതർ ഉയർത്തുന്നത്. 25നാണ് സി.ഡി.എസ് തിരഞ്ഞെടുപ്പ്.