 
ഹരിപ്പാട്: പക്ഷിപ്പനി സ്ഥിരീകരിച്ച 6920 താറാവുകളെ വീയപുരം വെള്ളംകുളങ്ങരയിലെ കരീപാടത്തിന് സമീപം ഇന്നലെ കൊന്നൊടുക്കി. താമരക്കുളം കണ്ണനാംകുഴി ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള താറാവുകളെ ആണ് കൊന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ വീയപുരം പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു നടപടി. ഡോ.സുൾഫിക്കർ, ഡോ.പ്രിയശിവറാം, ഡോ.ബിന്ദുകുമാരി, ഡോ.വിപിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗങ്ങൾ ഉൾക്കൊള്ളുന്ന സംഘമാണ് പരിശോധന നടത്തിയത്. 5 താറാവിനെ തിരുവല്ലയിലെ മഞ്ഞാടിയിലും 10താറാവിനെ ഭോപ്പാലിലും ,6താറാവിനെ ആലപ്പുഴയിലുമാണ് പരിശോധനക്ക് വിധേയമാക്കിയത്. എല്ലാപരിശോധനയിലും പക്ഷിപ്പനിസ്ഥിരീകരിച്ചിരുന്നു.പരിശോധനഫലം ലഭിക്കാൻ 15ദിവസത്തോളം കാത്തിരിക്കേണ്ടിവന്നുവെന്നും ഷെഫീക് പറഞ്ഞു. 16ലക്ഷം രൂപയോളം ഈ ഇനത്തിൽ നഷ്ടമുണ്ടെന്നും നഷ്ടപരിഹാരം ലഭിക്കില്ലെന്ന കളക്ടറുടെ അറിയിപ്പ് തന്നെ കടക്കെണിയിലാക്കിയെന്നും ഷെഫീക്ക് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രൻ ,വൈസ് പ്രസിഡന്റ് പി.എ.ഷാനവാസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഡി.ശ്യാമള,വാർഡ്മെമ്പർ ജയൻ എന്നിവരും പങ്കെടുത്തു.