
ആലപ്പുഴ: കൊവിഡ് മൂന്നാം തരംഗത്തിൽ ബാങ്ക് ജീവനക്കാർക്ക് ഇളവ് ലഭിക്കാത്തതിൽ പ്രതിഷേധം കനക്കുന്നു. ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനം താളം തെറ്റി. പലയിടങ്ങളിലും പകുതിയിലേറെ ജീവനക്കാർ കൊവിഡ് ബാധിതരും ക്വാറന്റൈനിലുമാണ്. ജീവനക്കാർ കുറഞ്ഞതോടെ, ഇടപാടിനെത്തുന്നവരുടെ തിരക്കും കൂടി. ഇത് പലപ്പോഴും ഉപഭോക്താവും ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കത്തിനിടയാക്കുന്നു. കൗണ്ടറുകളിൽ ജീവനക്കാർക്ക് ക്ഷാമം നേരിടുമ്പോൾ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസുകളിൽ നിന്നുള്ളവരെ ശാഖകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ മാറ്റുന്നുണ്ട്. ഇങ്ങനെ എത്തുന്നവരും രോഗബാധിതരായി തുടങ്ങിയതോടെ, ബാങ്കുകളുടെ പ്രവൃത്തിദിനത്തിലും പ്രവർത്തന സമയത്തിലും നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയാണ് ജീവനക്കാരും സംഘടനകളും. കൊവിഡിന്റെ ആദ്യ വ്യാപനസമയത്ത് ഏർപ്പെടുത്തിയിരുന്നതിന് സമാനമായി നിശ്ചിത കാലത്തേക്ക് ഇത്തരം നിയന്ത്രണങ്ങൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന ബാങ്കിംഗ് സമിതിക്കും നിവേദനം നൽകിയിരിക്കുകയാണ് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ.
ആവശ്യങ്ങൾ
* എല്ലാ ശനിയാഴ്ചകളിലും അവധി
* പ്രവൃത്തി സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
* 50 ശതമാനം ജീവനക്കാർ
* ഗർഭിണികൾ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്ക് വർക്ക് അറ്റ് ഹോം
പെൻഷൻ തലവേദന
പെൻഷൻ വിതരണ സമയത്താണ് ബാങ്കുകളിൽ ഏറ്റവും തിരക്കനുഭവപ്പെടുന്നതെന്ന് ജീവനക്കാർ പറയുന്നു. എ.ടി.എം ഉപയോഗിച്ചും ഓൺലൈനായും ബാങ്കിടപാടുകൾ നടത്താൻ കഴിയുമെങ്കിലും ഭൂരിഭാഗം പേരും ഈ മാർഗം സ്വീകരിക്കുന്നില്ല.
മൂന്നാംതരംഗത്തിൽ സർക്കാർ പല മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബാങ്ക് ജീവനക്കാർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭ്യമായിട്ടില്ല. ജില്ലയിൽ ഭൂരിഭാഗം ബാങ്കുകളിലും 50 ശതമാനം ജീവനക്കാർ കൊവിഡ് ബാധിതരാണ്. പൊതുജനങ്ങളുമായി അടുത്ത് ഇടപെടുന്ന വിഭാഗമെന്ന നിലയിൽ നിശ്ചിത കാലത്തേക്ക് ബാങ്കുകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
-വി.എസ്.അനിൽകുമാർ, ജില്ലാ സെക്രട്ടറി, ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ