ph
പി.ശശികല ചെയർപേഴ്സൺ കായംകുളം നഗരസഭ

കായംകുളം:കായംകുളം കോടതികൾക്ക് പ്രവർത്തി​ക്കുന്നതി​നായുള്ള പുതിയ കെട്ടിടത്തിന്റെ നി​ർമ്മാണം പൂർത്തി​യാകുന്നു. പതിനഞ്ച് കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കോടതി സമുച്ചയ പദ്ധതി അവസാന ഘട്ടത്തിലാണ്. സട്രക്ചർ എല്ലാം പൂർത്തിയായി . ഭിത്തിയുടെ തേപ്പും ഇന്റീരിയർ വർക്കുകളും മാത്രമാണ് അവശേഷിക്കുന്നത്. കെട്ടിടം പൂർത്തിയാകുന്നതോടെ പുതിയ കോടതികളും കായംകുളത്തേയ്ക്ക് വരും.

മുനിസിഫ്, ഫസ്റ്റ് കളാസ് മജിസ്ട്രേറ്റ് കോടതികൾ മാത്രമാണ് ഇപ്പോൾ കായംകുളത്ത് പ്രവർത്തിക്കുന്നത്. നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ കേരളീയ വാസ്തു ശിൽപകലാ മാതൃകയിൽ ലിഫ്റ്റ് സൗകര്യങ്ങളോടു കൂടി മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയമാണ് പുതുതായി നിർമ്മിക്കുന്നത്. പഴയ കെട്ടി​ടത്തി​ൽ പഴകി ദവിച്ച് കോൺക്രീറ്റുകൾ അടർന്നു വീണ് അഭി​ഭാഷകർക്കും കക്ഷികൾക്കും നി​രന്തരം പരിക്കേറ്റിരുന്നു. ഇതി​ന് പകരം കിഫ്ബിയുടെ സഹായത്തോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
മജിസ്ട്രേറ്റ് കോർട്ട് ഹാൾ, ചേംബറുകൾ, ലോബി, നടുമുറ്റം, അദാലത്ത് ഹാൾ, ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, വനിതാ അഭിഭാഷകർക്കും ഗുമസ്ഥൻമാർക്കും പ്രത്യേകം മുറികൾ, മെഡിറ്റേഷൻ ഹാൾ, എന്നിവ പുതിയ കെട്ടിട സമുച്ചയത്തിലുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയം എന്ന കായംകുളത്തിന്റ ദീർഘകാല അഭിലാഷമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

സ്ഥാപി​ച്ചി​ട്ട് നൂറി​ലേറെ വർഷം

കൃഷ്ണപുരം ഡിസ്ട്രിക്ട് മുനിസിഫ് കോടതി എന്ന പേരിൽ 1918 ൽ സ്ഥാപിതമായതാണ് ഇപ്പോഴത്തെ കായംകുളം കോടതി. നീണ്ടകര മുതൽ തോട്ടപ്പള്ളി വരെയും കിഴക്ക് ശബരിമല വരെയുമുള്ള പ്രദേശമായിരുന്നു അധികാരപരിധി. 1957ലാണ് മുനിസിഫ് കോടതിക്കുവേണ്ടി നഗരത്തിന്റെ ഹൃദയഭാഗത്ത് രണ്ടേകാൽ ഏക്കർ സ്ഥലം ഏറ്റെടുത്ത് ഹൈക്കോടതിക്ക് കൈമാറിയത്. 1963ൽ ഈസ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിലാണ് മുനിസിഫ് കോടതിയും ഒന്നാം ക്ലാസ് ജുഡി​ഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും പ്രവർത്തിച്ചുവന്നിരുന്നത്. കുടുംബ കോടതിയുടെ സിറ്റിംഗ് കായംകുളത്ത് അനുവദിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമൂലമാണ് പ്രവർത്തനം തുടങ്ങാതിരുന്നത്. ജില്ലാജഡ്ജിയുടെ ആവശ്യപ്രകാരം 2006 മുതൽ ഹൈക്കോടതി രജിസ്ട്രാർ പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

-------

പുതിയ കോടതി കെട്ടിടം കായംകുളത്തിന്റെ മുഖച്ഛായ മാറ്റും. മാർച്ച് 31ന് മുൻപ് ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ.

പി.ശശികല, ചെയർപേഴ്സൺ

കായംകുളം നഗരസഭ

-----

പുതിയ കെട്ടിടം വരുന്നതിനോടൊപ്പം അതിവേഗ കോടതിയും കുടുംബ കോടതിയും റെയിൽവേ കോടതിയും കായംകുളത്ത് അനിവാര്യമാണ്. ജനപ്രതിനിധികൾ ഇനിയും ഇതിനായി താൽപര്യം എടുത്തിട്ടില്ല.

അഡ്വ.ഒ. ഹാരീസ്, പ്രസിഡന്റ്

ബാർ അസോസിയേഷൻ, കായംകുളം