dr-p-palpu

ഡോ.പി. പല്പുവിന്റെ 72-ാം ചരമവാർഷിക ദിനം ഇന്ന്

.............................

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതിച്ചേർത്ത ഡോ. പി.പല്പുവിന്റെ സ്മരണയ്ക്ക് ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ മുമ്പെന്നത്തേക്കാളും പ്രസക്തി കൂടുകയാണ്.
അവകാശപോരാട്ടങ്ങൾക്ക് കരുത്തേകിയ പോരാളി എന്നതിനേക്കാളേറെ സമൂഹത്തിൽ ഉന്നതമായ പദവിയും നല്ല ജോലിയും സാമ്പത്തികനേട്ടവും ഉണ്ടായിട്ടും അധികാര സോപാനത്തിൽ അടയിരിക്കാതെ താഴേക്കിറങ്ങി വന്ന് അധഃസ്ഥിതരുടെ ഉന്നതിക്ക് വേണ്ടി പോരാടിയ അപൂർവ വ്യക്തിത്വമായാണ് നാം ഡോ.പല്പുവിനെ കാണേണ്ടത്.
കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകളുടെ അവഗണനയും പരമ്പരാഗത തൊഴിൽ മേഖലയുടെ തകർച്ചയും മൂലം ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെയും തൊഴിൽ ലഭിക്കാതെയും പിന്നാക്കക്കാരായ യുവാക്കൾ വലയുന്ന ഈ കാലഘട്ടത്തിൽ ഡോ.പി.പല്പുവിന്റെ സ്മരണ കൂടുതൽ ദീപ്തമാകുന്നു.
അനീതിക്കും അസമത്വത്തിനുമെതിരെയുള്ള പോരാട്ടത്തിന് ആധാരശില പാകിയ 'ഈഴവ മെമ്മോറിയൽ' 125 വർഷം പിന്നിടുമ്പോൾ കേരളത്തിലെ സാമൂഹ്യയാഥാർത്ഥ്യങ്ങൾ വസ്തുനിഷ്ഠമായി നമ്മൾ കാണേണ്ടിയിരിക്കുന്നു. ഡോ.പല്പുവിന്റെ നേതൃത്വത്തിൽ 13,176 ഈഴവ സമുദായാംഗങ്ങൾ ഒപ്പിട്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ച ഈഴവ മെമ്മോറിയൽ 'ഈഴവരിൽ വിദ്യാഭ്യാസമുള്ളവർ പഠിത്ത വിഷയത്തിൽ സകല സൗകര്യങ്ങളുമുള്ള ഇതര ജാതിക്കാരോട് ഒത്തുനോക്കിയാൽ വളരെ മോശമാണെന്നും ഇംഗ്ലീഷ് പഠിത്തമുള്ളവർ തീരെ ചുരുക്കമാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. പഠിത്തത്തിന് സൗകര്യമില്ലായ്മ ഒന്നു മാത്രമല്ല, വിദ്യാഭ്യാസത്തിന് അവരെ പ്രേരിപ്പിക്കുന്ന സർക്കാരുദ്യോഗങ്ങളിൽ നിശേഷം അർഹതയില്ലാത്തതും പ്രത്യേക കാരണമാണെന്നും ഈഴവ മെമ്മോറിയലിൽ പറയുന്നു. അന്നത്തെ സാമൂഹ്യവ്യവസ്ഥിതിക്കെതിരെ ഓങ്ങിയ പടവാളായിരുന്നു ഈഴവ മെമ്മോറിയൽ. ഉന്നയിച്ച കാര്യങ്ങൾക്ക് ഉടനെ ഫലപ്രാപ്തി അന്ന് ഉണ്ടായില്ലെങ്കിലും പിന്നീട് നടന്ന അവകാശ സമരങ്ങൾക്ക് അടിസ്ഥാനമായി അതു മാറി.
ഒന്നേകാൽ നൂ​റ്റാണ്ടിനിപ്പുറം നിന്നു നോക്കുമ്പോൾ പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥയെന്താണെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഈഴവ സമുദായാംഗങ്ങൾക്ക് സർക്കാർ,പൊതുമേഖലാ ഉദ്യോഗതലങ്ങളിൽ ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യമില്ലെന്ന് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈപോരായ്മ പരിഹരിക്കാൻ നടപടികളില്ല. വിദ്യാഭ്യാസ മേഖലയിൽ ഏ​റ്റവും കൂടുതൽ സ്ഥാപനങ്ങളുള്ളത് ന്യൂനപക്ഷങ്ങൾക്കാണ്. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനാണ് സംസ്ഥാന സർക്കാർ ജസ്​റ്റിസ് ജെ.ബി.കോശി കമ്മിഷനെ നിയോഗിച്ചത്. പിന്നാക്കസമുദായ ക്ഷേമവകുപ്പ് പോലും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. സാമൂഹ്യനീതിയിൽ ഇപ്പോഴും നിലനിൽക്കുന്ന അസമത്വം മുന്നിൽക്കണ്ടാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ പിന്നാക്കസംവരണം ശരിവെച്ചു കൊണ്ടുള്ള വിധിയിൽ ഇങ്ങനെ പറഞ്ഞത്. 'പിന്നാക്ക വിദ്യാർത്ഥികൾക്ക് മുന്നാക്കക്കാർക്ക് ഒപ്പമെത്താൻ കൂടുതൽ പരിശ്രമം ആവശ്യമാണ്. സംവരണമുള്ള വിഭാഗത്തിലെ ചിലർ സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ അല്ലായിരിക്കാം. അതിന്റെ പേരിൽ ദുർബല വിഭാഗങ്ങൾക്ക് സംവരണം മൂലം ലഭിക്കുന്ന നേട്ടം നിഷേധിക്കാനാവില്ല.'പിന്നാക്കവിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഇന്നും അകലെയാണെന്ന യാഥാർത്ഥ്യമാണ് അംഗീകരിക്കപ്പെടുന്നത്.

തിരുവനന്തപുരം പേട്ടയിലെ ഇടത്തരം കുടുംബാംഗമായ പല്പു കുട്ടിയായിരിക്കുമ്പോൾ തന്നെ വിദ്യാഭ്യാസത്തോട് അമിത പ്രതിപത്തി കാണിച്ചിരുന്നു. 'കെട്ടുതാലി വി​റ്റായാലും മക്കളെ പഠിപ്പിക്കുമെന്ന് ' പറഞ്ഞ പപ്പമ്മയുടെ മകൻ തറവാട്ടു കാരണവരായ അമ്മാവനോട് കലഹിച്ചാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള പണം നേടിയത്. തേങ്ങയിടാൻ ആൾ കയറിയപ്പോൾ അതിന് താഴെ നിന്ന് 'ഒന്നുകിൽ തേങ്ങ വെട്ടിയിട്ട് അമ്മാവൻ തന്നെ കൊല്ലണം, അല്ലെങ്കിൽ തേങ്ങയുടെ പണത്തിൽ നിന്നും പഠിക്കാൻ ഞങ്ങൾക്ക് ഫീസ് തരണ'മെന്ന് ആവശ്യപ്പെട്ട തന്റേടം ജീവിതത്തിലുടനീളം പല്പു തുടർന്നു. കാരണവരുടെ മുന്നിൽ ജയിച്ചെങ്കിലും അന്നത്തെ ജാതിവ്യവസ്ഥയ്ക്ക് മുന്നിൽ തോൽക്കേണ്ടി വന്നുവെന്നത് ചരിത്രം.
ഹെഡ്മാസ്​റ്റർ യൂറോപ്യനായതുകൊണ്ട് മാത്രമാണ് തിരുവനന്തപുരം ഇംഗ്ലീഷ് ഹൈസ്‌കൂളിൽ അദ്ദേഹത്തിനു പ്രവേശനം ലഭിച്ചത്. അവിടെ പഠിക്കുമ്പോൾ എല്ലാ യോഗ്യതയുണ്ടായിട്ടും താഴ്ന്ന ജാതിക്കാരനായതു കൊണ്ട് മാത്രം ഗവൺമെന്റ്‌ മെഡിക്കൽ സ്‌കൂളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. തുടർന്ന് മെഡിസിന് പഠിക്കാൻ മദ്റാസിലേക്ക് പോകാൻ അമ്മയുടെ ആഭരണങ്ങൾ വിൽക്കേണ്ടി വന്നു. മദ്റാസിലെ മെഡിസിൻ പഠനം കഴിഞ്ഞ് എൽ.എം.എസ്. ബിരുദവുമായി തിരുവനന്തപുരത്ത് മടങ്ങി എത്തിയെങ്കിലും തീണ്ടൽ ജാതിക്കാരന് ജോലി നൽകാൻ തിരുവിതാംകൂർ സർക്കാർ തയ്യാറായില്ലെന്ന വസ്തുത നാം കാണേണ്ടിയിരിക്കുന്നു. സാമൂഹ്യ അനീതിയുടെയും ജാതി വ്യവസ്ഥയുടെയും ബലിയാടായി വീണ്ടും അദ്ദേഹത്തിനു നാടുവിടേണ്ടി വന്നു. മൈസൂർ മെഡിക്കൽ സർവീസിൽ ജോലി നേടിയ അദ്ദേഹം ഹെൽത്ത് ഓഫീസർ, ഇൻസ്​റ്റി​റ്റ്യൂട്ട് ഡയറക്ടർ തുടങ്ങി ഉന്നത പദവികളിലെത്തി,മൈസൂർ ഗവൺമെന്റ് അദ്ദേഹത്തെ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലയച്ചു. അവിടെനിന്ന് അദ്ദേഹം ഉന്നത മെഡിക്കൽ ബിരുദം സ്വന്തമാക്കി.
ഇത്രയും കഴിവും സാമർത്ഥ്യവുമുള്ള ഉദ്യോഗസ്ഥന് ജീർണിച്ച സാമൂഹ്യ അനാചാരങ്ങളുടെ ഫലമായി മുപ്പതുവർഷം കേരളത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നുവെന്ന പച്ചയായ യാഥാർത്ഥ്യം നാം മറന്നുകൂടാ.
ജാതിയുടെ പേരിൽ തിരുവിതാംകൂർ ഗവൺമെന്റ് പിന്തുടർന്ന കൊടുംക്രൂരത ഇക്കാലത്തെല്ലാം ഡോ.പല്പുവിന്റെ മനസിൽ നീറി നിന്നു. അയിത്തജാതിക്കാരനാണെന്ന കാരണത്താൽ അദ്ദേഹത്തിന്റെ പിതാവിന് പ്ലീഡർ പരീക്ഷയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ബി.എ.ക്കാരനായ ജ്യേഷ്ഠന് ക്ലാർക്ക് ഉദ്യോഗവും ലഭിച്ചില്ല. ജ്യേഷ്ഠനും മദ്റാസ് ഗവൺമെന്റിന് കീഴിൽ ജോലി നേടി.
ഉയർന്ന പദവികളും സൗകര്യങ്ങളുമുണ്ടായിട്ടും ജാതി വിവേചനത്തിനെതിരെ പോരാടാൻ ഡോ. പല്പു ഒരുങ്ങിയിറങ്ങി. ഇംഗ്ലീഷ് പത്രങ്ങളിൽ ജാതിഅനാചാരങ്ങളെ കുറിച്ച് ലേഖനമെഴുതി. 'തിരുവിതാംകോട്ടുകാരനായ തീയൻ' എന്ന പേരിലാണ് അദ്ദേഹം ലേഖനങ്ങൾ രചിച്ചത്. ജാതിപീഡനം ഇന്ത്യാ ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ സ്വാധീനമുള്ളവരുടെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചു. ജാതിവിവേചനത്തെക്കുറിച്ച് ബ്രിട്ടീഷ് കോമൺസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ ബാരിസ്​റ്റർ ജി.പി.പിള്ളയെ ഇംഗ്ലണ്ടിലേക്ക് അയച്ചതിന് പിന്നിലും ഡോ. പല്‌പു തന്നെയായിരുന്നു.
ഈഴവ സമുദായത്തിന്റെ ദുരവസ്ഥ വിവരിച്ചുകൊണ്ട് ദിവാൻ ശങ്കരസുബ്ബയ്യർക്ക് സുദീർഘമായൊരു ഹർജി ഡോ. പൽപ്പു നൽകിയിരുന്നു. എന്നാൽ ഈ ഹർജി ഫലം കണ്ടില്ല. തുടർന്നാണ് 1896ൽ തിരുവിതാംകൂർ മഹാരാജാവിന് ഈഴവർ ഒപ്പിട്ട ഭീമഹർജി, ഈഴവ മെമ്മോറിയൽ സമർപ്പിക്കുന്നത്.ഹർജിയിൽ ഒപ്പിടാൻ ആളുകളെ കണ്ടെത്താൻ ഡോ.പല്പുവിന് നന്നേ ക്ലേശിക്കേണ്ടി വന്നു. 'ചോവന്മാർക്ക് ചെത്തുമതി' എന്ന സർക്കാർ ഇണ്ടാസിനെതിരെ പ്രതികരിക്കാൻ അന്ന് ഈഴവ പ്രമാണിമാർക്ക് പോലും ഭയമായിരുന്നു. ഏറെദൂരം സഞ്ചരിച്ച് നിരവധി കഷ്ടപ്പാടുകൾ സഹിച്ച് അദ്ദേഹം ഒപ്പുകൾ ശേഖരിച്ചു. പിന്നീട് അനീതിക്കെതിരെയുള്ള പോരാട്ടത്തിന് ഈഴവസഭ രൂപീകരിച്ച് ഈഴവരെ സംഘടിപ്പിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തി.
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി തന്റെ കർമ്മപദ്ധതികൾക്ക് തുടക്കമിട്ട ശ്രീനാരായണ ഗുരുദേവന്റെ സവിധത്തിലേക്ക് ഡോ. പല്പു എത്തിയതോടെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ പുതിയൊരു അദ്ധ്യായത്തിന് തുടക്കമായി. കേരളത്തിലെ സാമൂഹ്യ,രാഷ്ട്രീയ,സാംസ്‌കാരിക,രംഗത്ത് മുന്നേ​റ്റം കുറിച്ച എസ്.എൻ.ഡി.പി യോഗത്തിന് തുടക്കമിട്ടത് ഈ സംഗമമാണല്ലോ. അരുവിപ്പുറത്ത് ഡോ. പല്പുവിനോട് ഗുരുദേവൻ പറഞ്ഞ വാക്കുകൾ എന്നും നമുക്ക് മാർഗദീപമാണ്. ''നല്ല തന്റേടവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാർ നമ്മുടെ ഇടയിൽ ധാരാളം ഉണ്ടാകണം, വിദ്യാഭ്യാസത്തിൽ അഭിരുചിയുള്ളവരെ തിരഞ്ഞെടുത്ത് പഠിപ്പിക്കണം'' കുമാരനാശാന്റെ വിദ്യാഭ്യാസ ചുമതല ഏ​റ്റെടുക്കാൻ ഡോ. പല്പുവിനെ പ്രേരിപ്പിച്ചത് ഗുരുദേവന്റെ ഈ നിർദ്ദേശമാണ്.
വിദ്യാഭ്യാസ രംഗത്ത് മുന്നേ​റ്റം സൃഷ്ടിക്കാൻ ഇന്ന് എസ്.എൻ.ഡി.പി യോഗം നടത്തുന്ന പരിശ്രമങ്ങൾക്കും സമർത്ഥരായ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം പോലെയുള്ള പദ്ധതികൾ രൂപപ്പെടുത്താനും പ്രേരകമാകുന്നതും മഹാഗുരുവിന്റെ ആ ദർശനവും നവോത്ഥാന ചരിത്രത്തിൽ അനശ്വര മുദ്റപതിപ്പിച്ച ഡോ. പല്പു കാണിച്ചുതന്ന മാതൃകയുമാണ്.