മാന്നാർ: വിഷരഹിത പച്ചക്കറികളുടെ ഉത്പാദനവും വിപണനവും ലക്ഷ്യമിട്ട് സാംസ്കാരിക -പാരിസ്ഥിതിക സംഘടനയായ മിലൻ 21ന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി. മാന്നാർ മാർക്കറ്റിന് സമീപം തോട്ടുമുഖം റോഡിൽ ഇസ്മായിൽ ഹാജിയുടെ സ്ഥലത്താണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചിട്ടുള്ളത്. മാന്നാർ കൃഷിഓഫീസർ പി.സി ഹരികുമാറിന്റെയും വിവിധ കൃഷിഏജൻസികളുടെയും നിർദേശനുസരണമാണ് ജൈവ പച്ചക്കറിത്തോട്ടം പദ്ധതി നടപ്പിലാക്കുന്നത്.
പച്ചക്കറിത്തൈകളുടെ നടീൽ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരി നിർവഹിച്ചു. മിലൻ 21 ചെയർമാൻ പി.എ.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മധു പുഴയോരം സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം ഷൈന നവാസ്, മിലൻ 21 വൈസ് ചെയർമാൻ എം.എ ഷുക്കൂർ, സെക്രട്ടറി ടി.എസ്. ഷെഫീഖ് പി.ആർ.ഒ എൻ.പി അബ്ദുൽ അസീസ്, മുൻ പഞ്ചായത്ത്പ്രസിഡന്റ് കെ.പി സീനത്ത്, മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എൻ ശെൽവരാജൻ, കെ.എ കരീം, പദ്ധതി കൺവീനർ ജേക്കബ് മാത്യു, ഹരിത കർമ്മസേന പത്തനംതിട്ട ജില്ലാ കോഓർഡിനേറ്റർ ബൈജു വി.പിള്ള, സുഗതൻ ചെന്നിത്തല, ഡോ.ഒ.ജയലക്ഷ്മി ഓങ്കാർ, അഡ്വ.ശിവകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഏറെ ഗുണനിലവാരമുള്ളതും വ്യത്യസ്തയിനത്തിൽപെട്ടതുമായ പച്ചക്കറികളും വാഴകളുമാണ് നട്ടുതുടങ്ങിയത്. ഇതിനാവശ്യമായ ജലസേചന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൃഷിയുടെ വിളവെടുപ്പോടെ മാന്നാറിൽ ജൈവ പച്ചക്കറി ബസാർ ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.