photo
തമ്പകച്ചുവടിൽ വീടിന് പുന്നിൽ അഗ്നിക്ക് ഇരയായ രണ്ട് വാഹനങ്ങൾ

ആലപ്പുഴ: കളർകോട്, കലവൂർ, തമ്പകച്ചുവട് എന്നിവി​ടങ്ങളിൽ ഇന്നലെ തീപി​ടുത്തം ഉണ്ടായി​. കളർകോട്, കലവൂർ എന്നിവടങ്ങളിൽ പുല്ലിന് തീപിടിച്ചപ്പോൾ തമ്പകച്ചുവടിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾ അഗ്നിക്കിരയായി. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻതീപിടുത്തം ഒഴിവായി.

രാവിലെ 11ന് കളർകോട് കൈതവനജംഗ്ഷനു സമീപം ചവറുകൾക്കും കൂട്ടിയിട്ട മരക്കഷണങ്ങൾക്കും തീ പിടിച്ചു. അടുത്തുള്ള കടകൾക്ക് തീ പിടിക്കാതെ വൻദുരന്തം ഒഴിവായി. അസി​. സ്റ്റേഷൻ ഓഫീസർ ജയസിംഹന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സജേഷ്, രതീഷ്, അമൽദേവ്,അനീഷ് ചന്ദ്രൻ, വിനീഷ് എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഉച്ചയ്ക്ക് ഒരുമണിക്കാണ് കലവൂർ ദേശീയ പാതയിൽ കെ.എസ്.ഡി.പി ജംഗ്ഷനു സമീപം പുല്ലിന് തീ പിടിച്ചതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. വിവരം അറിഞ്ഞെത്തിയ അടിയന്തിരമായി ഫയർഫോഴ്സ് തീ പൂർണമായും അണച്ചു. സീനിയർ ഫയർ ഓഫീസർ ജെ.ജെ. നെൽസന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സജേഷ്, രതീഷ്, ജിജോ, ഉദയകുമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്. തമ്പകചുവട് ജംഗ്ഷന് സമീപം താമസിക്കുന്ന മണ്ണഞ്ചേരി അയ്യൻകുളങ്ങര ദേവികട്രാവൽസ് ബിജുമോന്റെ വാഹനങ്ങൾക്കാണ് തീപിടിച്ചത്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന എയ് ഷർ ട്രാവലറിനും മാരുതി സുസുക്കി വാഗൺർ കാറിനുമാണ് തീപിടിച്ചത്. ആലപ്പുഴയിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തി​ തീയണച്ചു. വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.