
മാന്നാർ: മിനിയേച്ചർ ശില്പ നിർമ്മാണത്തിലൂടെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കാഡിലും ഇടം നേടിയിരിക്കുകയാണ് മാന്നാർ കുട്ടംപേരൂർ ചമ്പംകോട്ട് വീട്ടിൽ ഭാസ്കരൻ ആചാരിയുടെയും പൊന്നമ്മയുടെയും മകൻ പ്രവീൺ ഭാസ്കർ (32). ചെറുപ്രായത്തിൽ ജെ.സി.ബി മണ്ണുമാന്തി യന്ത്രത്തിന്റെ മിനിയേച്ചർ നിർമ്മിച്ചാണ് തുടക്കം.1943 യു.എസ് മിലട്ടറി വില്ലീസ് ജീപ്പിന്റെ മിനിയേച്ചർ നിർമാണമാണ് റെക്കാഡുകളിൽ ഇടംനേടാൻ സഹായിച്ചത്. വില്ലീസ് ജീപ്പിന്റെ യഥാർത്ഥ വലുപ്പത്തിന്റെ പതിനാറു മടങ്ങ് (1:16) ചെറിയ മിനിയേച്ചറാണ് പ്രവീണിന്റെ കരവിരുതിൽ വിരിഞ്ഞത്. മിനിയേച്ചർ കണ്ട ചലച്ചിത്ര സംവിധായകൻ തരുൺമൂർത്തി ഓപ്പറേഷൻ ജാവ എന്ന സിനിമയിലെ ടാറ്റാവിങ്ങർ വാഹനത്തിന്റെ മിനിയേച്ചർ ആവശ്യപ്പെട്ടിട്ടുണ്ട്. സോളാർഫെറിയുടെ പ്രവർത്തന മാതൃകയാണ് മറ്റൊരു അത്ഭുതം. നെടുമ്പാശേരിയിലെ എസ് ആൻഡ് ഒ മാരിടൈം സർവീസസിലെ മറൈൻ ഡിസൈനിംഗ് സീനിയർ ഡ്രാഫ്റ്റ്സ്മാനാണ് പ്രവീൺ. മിനിയേച്ചർ ശില്പകലയുടെ ലോകം പലർക്കും മനസിലാകുന്നില്ലെന്ന് പ്രവീൺ പരാതിപ്പെടുന്നു.
ആളുകൾ പലപ്പോഴും ഇവയെ കളിപ്പാട്ടമായി കാണുന്നു. മിനിയേച്ചറുകൾ സൃഷ്ടിക്കുന്നത് തനിക്ക് ആവേശമാണ്. വിൽപ്പനയല്ല ഉദ്ദേശമെന്നും, പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതാണ് സന്തോഷമെന്നും പ്രവീൺ ഭാസ്കർ കൂട്ടിച്ചേർത്തു. ഇന്ത്യൻ ബൂക്ക് ഓഫ് റെക്കാഡിന്റെ സർട്ടിഫിക്കറ്റുകൾ കൈകളിലെത്തി. വൈകാതെ ഏഷ്യൻ റെക്കാഡിന്റെ സർട്ടിഫിക്കറ്റുകളുമെത്തും. സഹോദരി: പ്രിയ.