 
ചാരുംമൂട്: നാട്ടിൻപുറത്തെത്തിയ ജോഡി മയിലുകൾ പ്രദേശവാസികൾക്ക് കൗതുക കാഴ്ചയായി. വനമേഖലയിൽ മാത്രം കണ്ടു വരുന്ന ഇണ മയിലുകളാണ് ഇന്നലെ അതിരാവിലെ നൂറനാട് മുതുകാട്ടുകര മണിമംഗലത്തെ വീട്ടുമുറ്റത്ത് അതിഥികളായെത്തിയത്. ഏറെനേരം വീടിന് മുകളിലും സമീപത്തെ മരച്ചില്ലകളിലും ഇരുന്ന ശേഷമാണ് ഇവ പറന്നകന്നത്. പലതവണ മയിലുകൾ ഒറ്റയായി എത്തിയിട്ടുണ്ടെങ്കിലും ഇണയായി എത്തുന്നത് ആദ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. ആഹാരത്തിൻ്റെ ദൗർബല്യവും വനമേഖലയിലെ വേനൽച്ചൂടും കാട്ടുതീയുമാകാം ശബരിമല വനപ്രദേശങ്ങളിൽ കാണപ്പെടുന്ന മയിലുകളെ കാടിറങ്ങാൻ പ്രേരിപ്പിക്കുന്നതെന്നാണ് പക്ഷി നിരീക്ഷകരുടെ നിഗമനം.