bjp
കെ. റയിൽ നടപ്പിലാക്കരുത് എന്ന് ആവശ്യപെട്ടുകൊണ്ട് ബി.ജെ.പി അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നു.

ചാരുംമൂട് : കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും നൂറനാട് ഗ്രാമ പഞ്ചായത്തിലൂടെ കെ. റെയിൽ കടന്നുപോകുന്ന അലൈൻമെന്റ് മാറ്റണമെന്നുമാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റും നൂറനാട് ഗ്രാമ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറും ആയ അഡ്വ. കെ.കെ അനൂപിന്റെ നേതൃത്വത്തിൽ നൂറനാട് ഗ്രാമ പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ചു. പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന കെ റെയിൽ വന്നാൽ നൂറനാട് പഞ്ചായത്തിലെ പടനിലത്തിന് കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ കുടിയൊഴിയേണ്ടി വരുമെന്നും പാടശേഖരങ്ങൾ കൃഷിയില്ലാതെ തടാകങ്ങളായി മാറുമെന്നും പ്രമേയത്തിലൂടെ പറഞ്ഞു. തുടർന്ന് നടന്ന ചർച്ചകളിൽ പ്രമേയത്തെ തള്ളി​ക്കളയുന്നുവെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതിനെ തുടർന്ന് ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി യോഗ ഹാളിന്റെ നടുത്തളത്തിൽ ഇറങ്ങി ഗ്രാമ പഞ്ചായത്തംഗം മഞ്ജു സന്തോഷിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം വിളിക്കുകയും ഗ്രാമ പഞ്ചായത്ത് യോഗം ബഹിഷ്കരിക്കുകയും ചെയ്തു. പുറത്തിറങ്ങിയ ജനപ്രതിനിധികളെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.