കായംകുളം: കായംകുളം സർക്കാർ ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിക്കുവാൻ കരാറുകാരുമായി ചേർന്ന് 16 ലക്ഷത്തോളം രൂപയുടെ തട്ടിപ്പിന് ശ്രമമെന്ന് ആരോപണം.
പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പതിനഞ്ചോളം പഴയ കെട്ടിടങ്ങൾ പൊളിയ്ക്കുവാൻ തീരുമാനിച്ചത്.
ആദ്യ ഘട്ടത്തിൽ പൊളിയ്ക്കേണ്ട കെട്ടിടങ്ങൾക്ക് നഗരസഭ എൻജിനീയറിംഗ് വിഭാഗം വില നിശ്ചയിച്ചത് 25000 രൂപയാണങ്കിൽ കൗൺസിലിന്റെ നിർദ്ദേശപ്രകാരം ലേലത്തിന് വെച്ചപ്പോൾ ലഭിച്ചത് 7 ലക്ഷത്തോളം രൂപയാണ്. രണ്ടാം ഘട്ടത്തിൽ പൊളിക്കേണ്ട കെട്ടിടങ്ങൾക്ക് 5 ലക്ഷത്തോളം രൂപയുടെ മൂല്ല്യം കണക്കാക്കിയ സ്ഥാനത്ത് ലേലത്തിന് വെച്ചപ്പോൾ 14.18 ലക്ഷം രൂപ ലഭിച്ചു.
കരാരുകാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് തുക കുറച്ച് നിശ്ചയിച്ചതെന്നാണ് ആരോപണം.
ആരോപണത്തെത്തുടർന്ന് തുക ഉറപ്പിക്കാതെ ലേലത്തിന് വയ്ക്കുവാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു.
കേബിൾ വലിക്കാൻ 10 വർഷം മുൻപ് ഒരു കോടി
ഇപ്പോൾ 15 ലക്ഷം!
നഗരസഭയിൽ റോഡുകൾ കട്ട് ചെയ്ത് കേബിൾ വലിക്കുന്നതു സംബന്ധിച്ച് നൽകിയ അനുമതിയിലും ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. നഗരസഭയുടെ എട്ട് വാർഡുകളിൽ 25 കിലോമീറ്ററോളം റോഡ് കട്ട് ചെയത് കേബിളുകൾ വലിക്കുന്നതിനും 774 പോളുകൾ സ്ഥാപിക്കുന്നതിനും നൽകിയ ഉത്തരവിലാണ് അഴിമതിയത്രെ.
ജിയോ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് സ്റ്റേറ്റ് ലീഡ് റോ എന്ന കമ്പനിയുമായിട്ടായിരുന്നു ഇടപാട്. 2010-15 ൽ 12 കിലോമീറ്റർ റോഡ് കട്ടിങ്ങിനായി റിലയൻസ് കമ്പനി ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് അടച്ചത്. എന്നാൽ ഇപ്പോൾ 25കിലോമീറ്റർ റോഡിൽ കേബിൾ ഇടുന്നതിനും 774 പോളുകൾ സ്ഥാപിക്കുന്നതിനും വാങ്ങിയത് 15,57,062 രൂപ മാത്രം.