മാന്നാർ: വീണ്ടും സ്‌കൂളുകൾ അടക്കുമ്പോൾ പരുമല സെമിനാരി സ്‌കൂളിൽ ഓൺലൈൻ അസംബ്ലി പുനരാരംഭിച്ചു. ഓൺലൈൻ സ്‌കൂൾ അസംബ്ലിക്ക് പത്തനംതിട്ട ജില്ലയിൽ ആദ്യമായി തുടക്കംകുറിച്ചത് പരുമല സെമിനാരി സ്‌കൂളായിരുന്നു. പിന്നീട് മറ്റുള്ള സ്‌കൂളുകളും അതേറ്റെടുക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന സ്‌കൂൾ അസംബ്ലിക്ക് ഓരോ ആഴ്ചയിലും ഓരോ ക്ലാസിലെ കുട്ടികളാണ് നേതൃത്വം കൊടുക്കുന്നത്. ഗൂഗിൾ മീറ്റിലൂടെ നടത്തുന്ന അസംബ്ലിയിൽ ആഴ്ചയിൽ ഒരു വിശിഷ്ടാതിഥി എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്യും. പത്ര പാരായണം, ക്വിസ്, കഥ, കവിത, നാടൻപാട്ട് എന്നിവ കുട്ടികൾ അവതരിപ്പിക്കും.

ഇന്നലെ പുനരാരംഭിച്ച ഓൺലൈൻ അസംബ്ലിക്ക് അഞ്ചാം ക്ലാസിലെ കുട്ടികൾ നേതൃത്വം നൽകി. ഹുസ്ന ഫാത്തിമ അവതാരകയായി എത്തിയപ്പോൾ അക്സ മാത്യു, അൻസ മാത്യു എന്നിവർ പ്രാർത്ഥനാ ഗാനം ആലപിച്ചു. മുഹമ്മദ് സൽമാൻ പ്രതിജ്ഞ ചൊല്ലി. മുഹമ്മദ് സുഹൈബ് പത്രപാരായണവും അതിഥി കവിതാ പാരായണവും നടത്തി. സംസ്ഥാന എൻ.എസ്.എസ് കോഓഡിനേറ്റർ ജേക്കബ് ജോൺ മുഖ്യാതിഥിയായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സ്‌കൂൾ പ്രഥമാദ്ധ്യാപകനുമായ അലക്‌സാണ്ടർ പി.ജോർജ് മുഖ്യ പ്രഭാഷണം നടത്തി.