s
രാമങ്കരി ആയൂർവേദ ആശുപത്രി

കുട്ടനാട്: ഡ്യൂട്ടി ഡോക്ടർ സ്ഥലം മാറിപ്പോയതോടെ സേവനം താളം തെറ്റിയ രാമങ്കരി സർക്കാർ ആയൂർവേദ ആശുപത്രിയിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ഇവിടെ പകരം ഡോക്ടറുടെ സേവനമുള്ളത്. ചമ്പക്കുളം ഗവ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്ക് ചൊവ്വ, ശനി ദിവസങ്ങളിൽ വർക്കിംഗ് അറൈഞ്ച്മെന്റിന്റെ ഭാഗമായാണ് ഇവിടെ ചാർജ് നൽകിയിരിക്കുന്നത്. അത്യാവശ്യ ചികിത്സയ്ക്കെത്തുന്നവർക്ക് ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരാതി. പൊതുഗതാഗതത്തെയും ഓട്ടോറിക്ഷയെയും ആശ്രയിച്ച് ഇവിടെയെത്തുന്ന പലർക്കും മിക്ക ദിവസങ്ങളിലും ഡോക്ടറില്ലെന്ന ബോർഡ് കണ്ട് മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. ചമ്പക്കുളം ആശുപത്രിയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലേക്ക് ഒ.പി സേവനം ചുരുക്കിയിട്ടുണ്ട്. വൈറൽപ്പനി വ്യാപകമായതോടെ രണ്ടിടങ്ങളിലും ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം ഇരട്ടിയായി. രാമങ്കരി - ചമ്പക്കുളം പഞ്ചായത്തുകളിലായി വയോജനങ്ങളുൾപ്പടെ നിരവധിപ്പേരാണ് ആയുർവേദ ചികിത്സ ആശ്രയിക്കുന്നത്. സ്ഥിരം ഡോക്ടറുടെ സേവനം നിലച്ചത് ഇവരിലും ആശങ്ക ഉയർത്തുകയാണ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിനിടെയാണ് ഡോക്ടറില്ലാത്തത്, ആശുപത്രി പ്രവർത്തനത്തിന്റെ താളം തെറ്റിക്കുന്നത്.

രാമങ്കരി ഗവ ആയൂർവേദ ആശുപത്രിയിൽ അടിയന്തിരമായി ഡോക്ടറെ നിയമിക്കാൻ അധികൃതർ തയ്യാറാകണം. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതോടെ കുട്ടനാട് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മുമ്പ് താളം തെറ്റിയിരുന്നു. ജനങ്ങൾക്ക് പെട്ടെന്ന് ആശ്രയിക്കാൻ കഴിയുന്നത് ആയൂർവേദ ആശുപത്രികളെയാണ്

മനോജ് വിജയൻ, എ.ഐ.വൈ.എഫ് കുട്ടനാട് മണ്ഡലം വൈസ് പ്രസിഡന്റ്