 
ചാരുംമൂട്: ചെങ്ങന്നൂർ പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾക്ക് വഴികാട്ടികളായി ഇനി മുതൽ മഹാത്മാഗാന്ധിയുടെയും സ്വാമി വിവേകാനന്ദന്റെയും സാന്നിദ്ധ്യമുണ്ടാകും. സ്കൂളിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് സ്ഥാപിക്കുന്ന പ്രതിമകൾ ശില്പിയും ചിത്രകാരനുമായ താമരക്കുളം കണ്ണനാകുഴി സ്വദേശി രഘു ആനന്ദിന്റെ കരവിരുതിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു മാസക്കാലം കൊണ്ട് നിർമ്മിച്ച ശിൽപ്പങ്ങളുടെ അവസാന മിനുക്കുപണികളിലാണ് ചത്തിയറ വി.എച്ച്.എസ്.എസിലെ റിട്ടയേർഡ് അദ്ധ്യാപകൻ കൂടിയായ രഘു ആനന്ദ്. ലളിതകലാ അക്കാഡമി അവാർഡ്, അദ്ധ്യാപക കലാവേദി അവാർഡ്, ഗുരുശ്രേഷ്ഠ അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള രഘു ആനന്ദ് ഗാന്ധിജിയുടെ 15 ഓളം പ്രതിമകളും, ജവഹർലാൽ നെഹ്റു, അംബേദ്കർ തുടങ്ങിയ ദേശീയ നേതാക്കളുടെ ശില്പങ്ങളും നിർമ്മിച്ചിട്ടുണ്ട്.