ഹരിപ്പാട്: മുതുകുളത്തെ കുടുംബശ്രീ തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് ബി.ജെ.പി. പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ വായ്പാ തിരിച്ചടവിൽ ഒരു കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. അതിനാൽ മുതുകുളത്ത് പത്തു വർഷമായി കുടുംബശ്രീ സംവിധാനമില്ല. പണാപഹരണത്തിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിനു ഉത്തരവിടുകയും ആലപ്പുഴ വിജിലൻസ് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ സാമ്പത്തിക തിരിമറി നടത്തിയവരെ കണ്ടെത്താനോ കുറ്റപത്രം നൽകാനോ കഴിഞ്ഞിട്ടില്ല. ഈ സാഹര്യം നിലനിൽക്കെയാണ് കുടുംബശ്രീ തിരഞ്ഞെടുപ്പുമായി അധികാരികൾ വീണ്ടും രംഗത്തു വന്നിരിക്കുന്നത്. ഇപ്പോഴത്തെ അയൽക്കൂട്ടം, എ.ഡി.എസ്. തിരഞ്ഞെടുപ്പും ക്രമവിരുദ്ധമായാണ് നടന്നിട്ടുളളത്. ഒന്നരലക്ഷം രൂപ ബാധ്യതയുളള അയൽക്കൂട്ടങ്ങളെപ്പോലും തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു വീണ്ടും അഴിമതി നടത്താൻ അവസരം ഉണ്ടാക്കുകയാണ് ചെയ്തത്. അതേസമയം തന്നെ അൻപതോളം കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ തിരഞ്ഞെടുപ്പു നടത്തിയിട്ടുമില്ല. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചില പഞ്ചായത്തംഗങ്ങളും അയൽക്കൂട്ടങ്ങളും പരാതി കൊടുത്തിരുന്നു. തിരഞ്ഞെടുപ്പു കുറ്റമറ്റതാക്കാൻ വേണ്ടിയും മുതുകുളത്തു കൊവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിലും തിരഞ്ഞെടുപ്പ് അടിയന്തിരമായി നിർത്തിവയ്ക്കണം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും ചൊവ്വാഴ്ച നടത്താനിരിക്കുന്ന സി.ഡി.എസ്. തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കണമെന്നു ആവശ്യപ്പെട്ടും പാർലമെന്ററി പാർട്ടി നേതാവു കെ. ശ്രീലത പഞ്ചായത്ത് കുടുംബശ്രീ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്കു പരാതി നൽകി.