
ആലപ്പുഴ: കൊവിഡിന്റെ മൂന്നാം തരംഗത്തിൽ നിന്ന് രക്ഷപ്പെടാൻ ആയുർവേദ ചികിത്സയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. ഗുരുതര ലക്ഷണങ്ങളില്ലാത്തവരാണ് മുഖ്യമായും ആയുർവേദ പാതയിലേക്ക് കടക്കുന്നത്. പോസ്റ്റ് കൊവിഡ് കാലത്തെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധി കാണുന്ന പുനർജനി പദ്ധതി വഴി ജില്ലയിൽ മൂവായിരത്തിലധികം പേർ ചികിത്സ തേടിയതായാണ് കണക്ക്. കേന്ദ്ര ആയൂഷ് മന്ത്രാലയം കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് നിർദ്ദേശിച്ച ആയൂർവേദ മരുന്നുകളാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. അപരാചിത ധൂമ ചൂർണം, ഗുളുച്ച്യാദി കഷായ സൂക്ഷ്മ ചൂർണം, ഷഡംഗം കഷായ ചൂർണം, ദ്രാക്ഷാദി കഷായ ചൂർണം, വില്ല്വാദി ഗുളിക, സുദർശനം ഗുളിക എന്നിവയുൾപ്പെട്ട ആയുർവേദ ഔഷധങ്ങൾക്ക് ആയുഷ് മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. രക്തത്തിൽ ഓക്സിജന്റെ അളവ് ക്രമപ്പെടുത്തുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ഇവ പര്യാപ്തമാണെന്നാണ് വിലയിരുത്തൽ. രോഗം സ്ഥിരീകരിക്കപ്പെടുന്നവർ അതത് പ്രദേശത്തെ ഗവ ആയൂർവേദ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാൽ ആശാ വർക്കർമാർ മുഖേന മരുന്നുകൾ വീടുകളിലെത്തിക്കും.
# ജില്ലയിൽ
ആയൂർവേദ ആശുപത്രികൾ -11
ഡിസ്പെൻസറികൾ - 76
ചികിത്സാ പദ്ധതികൾ
സ്വാസ്ഥ്യം
ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിടുന്ന പദ്ധതി
സുഖായുഷ്
60 വയസിന് മുകളിലുള്ളവർക്ക് മരുന്നുകൾക്കൊപ്പം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ഔഷധങ്ങൾ നൽകുന്നു
പുനർജനി
കൊവിഡാനന്തര പ്രതിരോധ ചികിത്സ
അമൃതം
ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ ഔഷധങ്ങൾ നൽകുന്നു
കിരണം
15 വയസിൽ താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള പദ്ധതി
അരുണിമ
ആറ് വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള ആരോഗ്യ പദ്ധതി. ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ആറുവയസുവരെയുള്ള കുട്ടികളുടെ മാതാപിതാക്കൾ എന്നിവർക്ക് ബോധവത്കരണം
ജീവാമൃതം കൗൺസലിങ്ങ്
കൊവിഡിനെ തുടർന്നുള്ള മാനസിക സമ്മർദ്ദം, ആശങ്ക എന്നിവയ്ക്ക് കൗൺസലിങ്ങ്
'' കൊവിഡ് പ്രതിരോധത്തിന് മുൻതൂക്കം നൽകി ജില്ലയിലെ എല്ലാ ആയൂർവേദ ആശുപത്രികളിലും ഫലപ്രദമായ ചികിത്സാ രീതികൾ നടപ്പാക്കി വരുന്നു. കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട രോഗികൾക്കുൾപ്പടെ ചികിത്സ ലഭ്യമാണ്. പുനർജനി പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
എസ്.ഷീബ, ഡി.എം.ഒ ആയൂർവേദം