
നിയമവാഴ്ചയെ നോക്കി പുച്‌ഛത്തോടെ ചിരിക്കുന്ന ഗുണ്ടകൾ ഇന്ന് നാടിന്റെ ശാപമാണ്. കോട്ടയത്ത് 19 കാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ച് അടിച്ചുകൊന്ന ജോമോൻ തെളിവെടുപ്പിനിടെ നിലത്തിരുന്ന് പുഞ്ചിരിക്കുന്ന ചിത്രം ഒരു വെല്ലുവിളി തന്നെയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗുണ്ടാ നേതാക്കളുടെ പോസ്‌റ്റുകൾക്ക് താഴെ കൗമാരക്കാർ വാനോളം പുകഴ്‌ത്തലുമായി എത്തുന്നത് അതിലേറെ ഗുരുതര സ്ഥിതിവിശേഷമാണ്. കണ്ണ് കുത്തിപ്പൊട്ടിക്കുന്നതും കാലും കൈയും വെട്ടി മാറ്റുന്നതും ചതിക്കുള്ള മറുപടിയെന്ന ന്യായീകരണമാണ് ഇവരുടേത്. ഗുണ്ടാ നേതാക്കളെ ചങ്കെന്നും ബ്രോയെന്നും വിളിച്ച് ആരാധിക്കുന്നവർ വരും കാലത്തേക്ക് വളർന്നു വരുന്ന മാരക വെല്ലുവിളികളാണെന്ന് പൊലീസ് തിരിച്ചറിയണം. സൈബർ ലോകത്തു വച്ചു തന്നെ ഇത്തരക്കാരെ നിയന്ത്രിക്കണം. ഗുണ്ടകളെ അമർച്ച ചെയ്യാൻ നൂതന പദ്ധതി പൊലീസ് ആവിഷ്‌ക്കരിച്ചേ മതിയാകൂ. അല്ലെങ്കിൽ മനോഹരമായ ഈ നാട് കൊലവെറിയുടെ ചോരക്കളമായി മാറും.
സംസ്ഥാനത്ത് ക്രിമിനൽ - ഗുണ്ടാ സംഘങ്ങൾ എല്ലാം അതിരുകളും ലംഘിച്ച് അരങ്ങുവാഴുകയാണ്. പൊലീസിനെയും നിയമസംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിച്ച് കൊലവിളി തുടർക്കഥയാകുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ എവിടെപ്പോയെന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്. സ്വൈര്യമായി പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിലേക്ക് നാട് മാറുന്നുവെന്ന ഓർമ്മപ്പെടുത്തൽ ഭയാനകമാണ്. പല ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കേട്ടുകേൾവിയുണ്ടായിരുന്ന അരുംകൊലകൾ ഇന്ന് കേരളത്തിൽ തുടർക്കഥയാണ്.
പൊലീസ് സംവിധാനത്തിലെ പാകപ്പിഴകൾ തന്നെയാണ് ക്രിമിനൽ സംഘങ്ങളുടെ വളർച്ചയ്‌ക്ക് ആധാരം. അവരെ തുടക്കത്തിലെ അമർച്ച ചെയ്യാൻ പൊലീസിന് കഴിയാത്തതിന് പിന്നിലെ വസ്‌തുതകൾ തലനാരിഴ കീറി പരിശോധിക്കേണ്ടിയിരിക്കുന്നു.
പണം വാങ്ങി മറ്റുള്ളവർക്കായുള്ള ഗുണ്ടാ പ്രവർത്തനങ്ങളുടെ കാലം മാറി. ഇന്ന് ഭൂരിഭാഗം ഗുണ്ടകളും സ്വന്തമായി മയക്കുമരുന്ന് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നവരാണ്. അതിന്റെ വിപണനത്തിനും മാർക്കറ്റിൽ പിടിച്ചു നിൽക്കുന്നതിനുമായി സംഘങ്ങളെ രൂപപ്പെടുത്തുന്നു. പരസ്‌പര വിശ്വാസം ഏതെങ്കിലും സമയത്ത് നഷ്‌ടമാകുമ്പോഴാണ് അതിക്രൂരമായ കൊലപാതങ്ങൾ സംഭവിക്കുന്നത്. കോട്ടയത്തെ ഷാന്റെ കൊലപാതകം അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണെന്നതിൽ തർക്കമില്ല. ജോമോനെ കാപ്പാ നിയമ പ്രകാരം നാടുകടത്തിയതോടെ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനായിരുന്നു പൈശാചിക കൊലപാതകം. കൊല്ലപ്പെട്ട ഷാൻ മറ്റൊരു സംഘത്തിനോട് ആഭിമുഖ്യം പുലർത്തുന്നതായുള്ള തോന്നലായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട ജോമോൻ അമ്മയെ നോക്കണമെന്ന് അപേക്ഷ നൽകിയാണ് ഇളവ് തേടിയത്. ജില്ലയിൽ പ്രവേശിച്ച ഉടൻ കൊലപാതകം നടത്തുകയും ചെയ്തു. ഇത്രയും ക്രൂരനായ ക്രിമിനൽ പുറത്തിറങ്ങാൻ ഇടയാക്കിയത് പൊലീസിന്റെയും കാപ്പാ ബോർഡിന്റെയും വീഴ്ചയാണ്.
ഗുണ്ടകൾക്ക് പൊലീസ് സംവിധാനത്തോടുള്ള കാഴ്ചപ്പാടുകളിലും ഇപ്പോൾ മാറ്റമുണ്ട്. നേരത്തെ സ്‌റ്റേഷനുകളിലേക്ക് വിളിച്ചാൽ ഗുണ്ടകൾ ഹാജരാകുമായിരുന്നു. അതിന് മാറ്റം വന്നു. ഇപ്പോൾ അഭിഭാഷകനായിരിക്കും എത്തുക. അല്ലെങ്കിൽ എന്തും നേരിടാൻ തയ്യാറായി ഗുണ്ടകൾ നിൽക്കുന്നുണ്ടാകും. ഗുണ്ടകൾക്ക് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും യുവാക്കളിൽ നിന്ന് ഇന്ന് കിട്ടുന്ന പിന്തുണ വലിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. ഇത്തരം സംഘങ്ങളിൽ എത്തുന്ന യുവാക്കളെ പിന്തിരിപ്പിക്കാൻ ഒരു പദ്ധതിയും നിലവിലില്ല. ഗുണ്ടാ സംഘങ്ങൾ നൽകുന്ന പണവും പദവിയും യുവാക്കളെ ആകർഷിക്കുന്നു എന്നതാണ് വസ്‌തുത. വിലക്കില്ലാതെ ലഹരി ഉപയോഗിക്കാനും കുടുങ്ങിയാൽ രക്ഷിക്കാനും മാഫിയ തലവൻമാരുണ്ട്. ഇതിനൊരവസാനം ഉണ്ടാകണമെങ്കിൽ പൊലീസ് ഉണർന്നു പ്രവർത്തിക്കണം. അതിനായി കാപ്പാ നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. ഒരാളോട് പക തീർക്കാൻ പൊലീസ് ഉദ്യോഗസ്ഥർ കാപ്പാ നിയമം ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം.
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) പ്രയോഗിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏകോപനത്തിന്റെ അപര്യാപ്തതയും വീഴ്ചകളും സംഭവിക്കുന്നു. ബന്ധപ്പെട്ട രേഖകൾ തടങ്കലിൽ വയ്‌ക്കേണ്ടയാൾക്കും അധികൃതർക്കും നൽകാതിരിക്കൽ, തടങ്കൽ ഉത്തരവിൽ സുപ്രധാനമായ കാരണങ്ങൾ ഇല്ലാതിരിക്കൽ തുടങ്ങിയവ മൂലം പലപ്പോഴും ഉത്തരവുകൾ കോടതികൾക്ക് റദ്ദാക്കേണ്ടി വരാറുണ്ട്. ഇത്തരം കാര്യങ്ങൾ സർക്കാർ സംവിധാനത്തെ താഴ്ത്തിക്കെട്ടും. നിയമത്തിന്റെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെടും. നിയമവശങ്ങൾ അറിഞ്ഞുള്ള നടപടികൾ വേണം ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകേണ്ടത്.
കാപ്പാ നിയമം ചുമത്തി ഗുണ്ടകളെ നാടുകടത്താനുള്ള നീക്കം അട്ടിമറിക്കുന്നതിന് പിന്നിൽ രാഷ്‌ട്രീയ - പൊലീസ് കൂട്ടുക്കെട്ട് പകൽ പോലെ വ്യക്തമാണ്. രാഷ്‌ട്രീയ സ്വാധീനമുള്ളവരെ ഗുണ്ടാ ലിസ്‌റ്റിൽ ഉൾപ്പെടുത്താതെ ഏമാൻമാർ കൈയയച്ച് സഹായിക്കും. ചിലപ്പോൾ തെറ്റായ വിവരങ്ങളായിരിക്കും കളക്ടർമാർക്കുള്ള റിപ്പോർട്ടിൽ സമർപ്പിക്കുക. ഇതിനെതിരെ ഗുണ്ടകൾ കാപ്പാ ബോർഡിൽ അപ്പീലിന് പാേകുന്നതോടെ ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും. ഗുണ്ടകൾക്കായി രാഷ്‌ട്രീയക്കാർ കളക്‌ടർമാരെ സമീപിക്കുന്നതും കുറവല്ല. ഗുണ്ടാ ലിസ്‌റ്റ് തയ്യാറാക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വിചാരിച്ചാൽ എന്തും നടക്കുമെന്നതിന്റെ തെളിവാണ് അടുത്തകാലത്തുണ്ടായ ഗുണ്ടാ വിളയാട്ടങ്ങൾ. ഗുണ്ടകളെ പിടികൂടാൻ ഡി.ജി.പി പ്രഖ്യാപിച്ച ഓപ്പറേഷൻ കാവൽ പദ്ധതി പരാജയപ്പെട്ടത് സേനയിലെ അനൈക്യമാണ്. യുവ എസ്.ഐമാരിൽ നിന്ന് സ്‌റ്റേഷൽ ചുമതല സി.ഐമാരിലേക്ക് മാറിയതോടെ ഗുണ്ടാവേട്ട തണുത്തുവെന്ന് പകൽ പോലെ മുതിർന്ന ഉദ്യോഗസ്ഥർക്കറിയാം. എന്നാൽ, അതിന് പരിഹാരം കാണാൻ ആരും തയ്യാറായില്ല.
സി.ഐമാർക്ക് പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല നൽകിയുള്ള പരിഷ്‌കരണം ഗുണ്ടകൾ അരങ്ങുവാഴാൻ ഇടയാക്കിയെന്ന കാര്യത്തിൽ തർക്കമില്ല. ഇതോടെ സി.ഐമാരുടെ ജോലി ഭാരം വർദ്ധിച്ചു. പുറത്ത് എന്തു നടക്കുന്നുവെന്നു പോലും ചിന്തിക്കാൻ സമയമില്ലാതായി. അടുത്ത പ്രൊമോഷനായി കാത്തിരിക്കുന്ന സി.ഐമാരിൽ പലരും പൊല്ലാപ്പ് പിടിക്കുന്ന ജോലികൾ ഏറ്റെടുക്കാനും തയ്യാറാകുന്നില്ല. എന്നാൽ, നേരിട്ട് എസ്.ഐമാരായെത്തുന്നവർക്ക് യുവത്വത്തിന്റെ പ്രസരിപ്പുണ്ട്. അവർ തങ്ങളുടെ സ്‌റ്റേഷൻ പരിധിയിലെ ക്രമസമാധാനം ഉറപ്പാക്കാൻ രാവും പകലുമില്ലാതെ അദ്ധ്വാനിക്കാൻ തയ്യാറാണ്. സ്‌റ്റേഷൻ ചുമതലയിൽ നിന്ന് അവരെ ഒഴിവാക്കിയതോടെ എസ്.ഐമാർക്ക് പ്രത്യേക പണിയൊന്നുമില്ലാതായി എന്നതാണ് സത്യം. പുതിയ പരിഷ്‌കരണത്തോടെ സി.ഐമാരും എസ്.ഐമാരും നിർജീവമായി. ഈ പരിഷ്‌കരണം പുനഃപരിശോധിക്കാനുള്ള സർക്കാർ - പൊലീസ് തല തീരുമാനം നല്ലതാണ്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള കാര്യക്ഷമമായ പ്രവർത്തനമാണ് പൊലീസ് സേനയിൽ നിന്നുണ്ടാകേണ്ടത്.
സ്‌റ്റേഷൻ തലങ്ങളിൽ ക്രൈം ഡോക്യുമെന്റേഷൻ മാനേജ്മെന്റ് സെല്ല് തുടങ്ങി ഗുണ്ടകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് വേണ്ടത്. എങ്കിലെ കാപ്പ നിയമം ചുമത്തി കർശന നടപടികൾ ശേഖരിക്കാൻ കഴിയൂ. ചില സമയങ്ങളിൽ പൊലീസ് മേധാവിയുടെ കാപ്പ അപേക്ഷകളിൽ കളക്‌ടർമാർ തീരുമാനമെടുക്കാൻ വൈകുന്നതും ഗുണ്ടകൾക്ക് അനുഗ്രഹമാണ്. ഇതിനും വേഗത്തിൽ മാറ്റം അനിവാര്യമാണ്. എല്ലാ പൊലീസ് സ്‌റ്റേഷനിലും ഗുണ്ടാ ലിസ്‌റ്റ് പുതുക്കുന്ന നടപടികൾ അടിയന്തരമായി തുടങ്ങണം. രാജ്യത്തെ ഏറ്റവും മികച്ച പൊലീസെന്ന വിശേഷണം കേരള പൊലീസിന് ചാർത്തി കിട്ടിയിരുന്നു. ഇന്ന് അതിന് അർഹരാണോ എന്ന ചോദ്യം ഉദ്യോഗസ്ഥ തലപ്പത്തു നിന്ന് താഴെത്തട്ടിൽ വരെ ഉയരണം. ചോരക്കറ വീണ് മങ്ങിയ യശസ് തിരിച്ചു പിടിക്കാൻ ഒരു പോരാട്ടം തന്നെയാണ് പൊലീസ് സേനയിൽ വേണ്ടത്.