
ആലപ്പുഴ: വേനൽച്ചൂട് കടുത്തതോടെ നാടാകെ തീപിടിത്തം പതിവായി. ജനുവരിയിൽ മാത്രം ജില്ലയിൽ ചെറുതും വലുതുമായ 99 തീപിടിത്തങ്ങളുണ്ടായതായാണ് ഔദ്യോഗിക കണക്ക്. ഒരേസമയം പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഗ്നിബാധ കെടുത്താൻ ഓടിക്കിതയ്ക്കുകയാണ് ഫയർഫോഴ്സ്. പൊതുനിരത്തിലെ മാലിന്യ നിക്ഷേപങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ്കുറ്റികളാണ് പലപ്പോഴും അഗ്നിബാധയ്ക്ക് കാരണമാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആലപ്പുഴ ഫയർസ്റ്റേഷൻ പരിധിയിൽ മാത്രം 42 തീപിടിത്തങ്ങളുണ്ടായി. മറ്റ് സ്റ്റേഷനുകളായ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട്, തകഴി, ചേർത്തല, അരൂർ എന്നിവടങ്ങളിലും ദിവസേന അഗ്നിബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആലപ്പുഴ നഗരസഭയുടെ വഴിച്ചേരിയിലെ പ്ളാസ്റ്റിക് മാലിന്യശേഖരത്തിന് കഴിഞ്ഞ ദിവസം തീപിടിച്ചത് ആശങ്ക പരത്തി. മിനിട്ടുകൾക്കുള്ളിൽ പ്രദേശമാകെ വിഷപ്പുക നിറഞ്ഞു. സംസ്കരിക്കാത്ത പ്ലാസ്റ്റിക് ഒരേക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തുമെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ മുന്നറിയിപ്പ് നൽകുന്നു. സപ്ലൈക്കോയുടെ പെട്രോൾ പമ്പും, സ്വകാര്യ ബസ് സ്റ്റേഷനും ഇതിന് സമീപമാണ്.
നിയമം അറിയാതെ ജനം
കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമം അനുസരിച്ച് കുപ്പയ്ക്ക് തീയിടുന്നത് കുറ്റകരമാണ്. നടപടി സ്വീകരിക്കാതെ പൊലീസും തദ്ദേശ സ്വയംഭരണ വകുപ്പും കൈവിടുമ്പോഴാണ് അപകടങ്ങൾ പതിവാകുന്നത്. തീപിടിത്തം വർദ്ധിച്ച സാഹചര്യത്തിൽ ഫയർഫോഴ്സ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി.
പ്രധാന നിർദേശങ്ങൾ
 ഓഫീസുകളിൽ വെന്റിലേഷൻ സൗകര്യം
 വാതിലുകൾ തുറന്നിടണം
പാഴ് വസ്തുക്കളും കടലാസുകളും നീക്കം ചെയ്യണം
 പ്രാഥമിക അഗ്നി സുരക്ഷാ സംവിധാനം
 കെട്ടിടത്തിന് പുറത്ത് ശബ്ദം കേൾക്കുന്നതരത്തിൽ അലാറം
 പ്രധാനഫയലുകളും രേഖകളും ഡിജിറ്റലായി സൂക്ഷിക്കുക
 ജീവനക്കാർക്ക് പ്രാഥമിക അഗ്നിരക്ഷാ പരിശീലനം
രാത്രികാല സെക്യൂരിറ്റി
 രക്ഷാ പ്രവർത്തനത്തിന് മാർഗ തടസം സൃഷ്ടിക്കാത്തവിധം റോഡ് സജ്ജമായിരിക്കണം
 ഫയർ, ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തി അപാകത പരിഹരിക്കണം
തീപിടുത്തങ്ങൾ (ജനുവരി)
ചപ്പുചവറുകൾ, തടി - 46
വാഹനങ്ങൾ - 9
ഗ്യാസ് ലീക്ക് - 5
വീട് - 11
ഇലക്ടിക് പോസ്റ്റ് - 25
വൈക്കോൽ - 3
"സുരക്ഷാക്രമീകരണം ഒരുക്കാതെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ബോധവത്കരണം നടത്തുകയും വേണം.
-പി.വി.വേണുക്കുട്ടൻ, സ്റ്റേഷൻ ഓഫീസർ, ഫയർഫോഴ്സ്