
ആലപ്പുഴ : കൊവിഡ് പ്രതിസന്ധിക്കൊപ്പം നിത്യപയോഗ സാധനങ്ങളിൽ ചിലവയുടെ വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതം ദുരിതമാക്കുന്നു. സോപ്പ്, ബിസ്‌ക്കറ്റ്, പേസ്റ്റ്, ബൺ, ബ്രെഡ്, മിഠായികൾ എന്നിവയ്ക്കാണ് നിർമ്മാതാക്കൾ വില കുത്തനെ വർദ്ധിപ്പിച്ചത്. പ്രമുഖ ബ്രാൻഡുകൾക്ക് പുറമേ, അപരനാമത്തിൽ വിപണിയിലുള്ള കമ്പനികൾ പോലും സാധനങ്ങൾക്ക് അഞ്ച് രൂപയോളം വർദ്ധിപ്പിച്ചു. ഇന്ധനവില വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് വിഭാഗത്തിൽ വരുന്ന ചില കമ്പനികളുടെ ഉത്പന്നങ്ങളിലാണ് ഈ മാറ്റം. ചില മിഠായികൾക്ക് 10 രൂപ വരെ വർദ്ധനവുണ്ടായി. ടൂത്ത് പേസ്റ്റിന് 3 മുതൽ 5 രൂപ വരെയാണ് കൂടിയത്. 18 ശതമാനത്തിന്റെ വർദ്ധന ഇത്തരം സാധനങ്ങൾക്കുണ്ടായി. പൊടുന്നനെയുണ്ടായ വിലക്കയറ്റം മൂലം ഉപഭോക്താക്കളുമായി പല ദിവസങ്ങളിലും തർക്കമുണ്ടാകാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
മുന്നറിയിപ്പില്ലാതെ വന്ന വിലക്കയറ്റത്തക്കുറിച്ച് എങ്ങനെ ഉപഭോക്താക്കളെ മനസിലാക്കി കൊടുക്കുമെന്ന ആശങ്കയിലാണ് ചെറുകിടവ്യാപാരികൾ.
വിലവ്യത്യാസം (പഴയവില - പുതിയ വില)
ബിസ്കറ്റ് - ₹ 30 , 35
ബാത്ത് സോപ്പ് - ₹ 28, 33
ബാത്ത് സോപ്പ് - ₹ 45, 48
വാഷിംഗ് സോപ്പ് - ₹ 20, 25 (100 ഗ്രാമിന്റെ ബാർ സോപ്പ് 90 ഗ്രാമാക്കി)
ബ്രെഡ് - ₹ 45,50
ബൺ - ₹ 20,25
കുപ്പിവെള്ളം - ₹ 13,20
പ്രമുഖ കമ്പനികളുടെ സാധനങ്ങൾക്കൊപ്പം ചെറുകിട സാധനങ്ങൾക്കും 3 മുതൽ 5 രൂപ വരെ വില ഉയർന്നു. പെട്ടെന്നുണ്ടായ വിലക്കയറ്റത്തെ ചൊല്ലി ഉപഭോക്താക്കളും കടയുടമകളുമായി വാക്കുതർക്കമുണ്ടാകുന്നുണ്ട്. കൊവിഡ് കാലത്ത് കച്ചവടക്കാരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിയിടുന്ന നീക്കമാണിത്
- രാജീവ്, ശ്രീനിവാസ് സ്റ്റോർ ഉടമ