ആലപ്പുഴ: തുടക്കത്തിൽ മിന്നൽ വേഗത്തിൽ നടന്ന എ.സി റോഡ് നവീകരണത്തോടനുബന്ധിച്ചുള്ള ജോലികൾ കൊവിഡ് വ്യാപനത്തെ തുടർന്ന് മന്ദഗതിയിലായി. കൊവിഡ് മാനദണ്ഡത്തെ തുടർന്ന് തൊഴിലാളികളുടെ എണ്ണം ഓരോ ഷിഫ്റ്റിലും കുറച്ചതാണ്

കാരണം.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാഴ്ചകൂടി ഇഴഞ്ഞുള്ള നിർമ്മാണമായിരിക്കും നടക്കുക. കൊവിഡ് നിയന്ത്രണത്തിൽ ഇളവ് വന്നാൽ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കി സമയബന്ധിതമായി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തികരിക്കാനാണ് നീക്കം. മഴമാറിയതോടെ റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്തവിധം പൊടിയാണ്. ഇരുചക്ര, കാൽനട, സൈക്കിൾ യാത്രക്കാരും റോഡിന് സമീപം താമസിക്കുന്ന കുടുംബങ്ങളുമാണ് പൊടിശല്യത്താൽ ബുദ്ധിമുട്ടുന്നത്.

ക്രോസ്‌വേകൾ

വിവിധ ഇടങ്ങളിൽ നിർമ്മിക്കുന്ന ക്രോസ്‌വേകളിൽ ആദ്യത്തേതിന്റെ നിർമ്മാണം മാമ്പുഴക്കരിയിൽ ആരംഭിച്ചു. മഴക്കാലത്ത് തുടർച്ചയായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിലാണ് ക്രോസ്‌വേ നിർമ്മിക്കുന്നത്. റോഡിൽ നിന്ന് ഒന്നരമീറ്റർ ഉയരത്തിലാണ് നിർമ്മാണം. മാമ്പുഴക്കരിയിൽ നിർമ്മിക്കുന്ന ക്രോസ്‌വേക്ക് 120 മീറ്റർ നീളവും 14 മീറ്റർ വീതിയുമുണ്ട്. നെടുമുടി പാലത്തിന് കിഴക്കുവശത്തും പൂപ്പള്ളി ജംഗ്ഷനിലും ക്രോസ്‌വേ നിർമ്മിക്കാനാണ് പദ്ധതി.

പാലങ്ങളുടെ നിർമ്മാണം

കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾക്കു സമാന്തരമായുള്ള പാലത്തിന്റെയും മങ്കൊമ്പ് ബ്ലോക്ക് – ഒന്നാംകര ഭാഗത്തും മങ്കൊമ്പ് തെക്കേക്കര ഭാഗത്തും ജ്യോതി ജംഗ്ഷൻ – പാറശേരി ഭാഗത്തുമുള്ള മേൽപ്പാലങ്ങളുടെയും മങ്കൊമ്പ്, പണ്ടാരക്കുളം പാലങ്ങളുടെയും പൈലിംഗ് ഉൾപ്പെടെയുള്ള ജോലികൾ പുരോഗമിക്കുകയാണ്. റോഡ് പുതുക്കി പണിയുന്ന ജോലിയുടെ പ്രാരംഭ പ്രവർത്തനം പെരുന്നയിൽ ആരംഭിച്ചു. ഒരു മീറ്റർ ഇടവിട്ട് 6 മീറ്റർ നീളത്തിലുള്ള തെങ്ങിൻകുറ്റികൾ ഉറപ്പിക്കുന്ന ജോലിയാണ് ആരംഭിച്ചത്.

"പൊടിശല്യം ഇല്ലാതാക്കാൻ കൃത്യമായി നനയ്ക്കണം. ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കത്തക്ക രീതിയിൽ പരിഹാരം കാണണം.

സന്തോഷ് ശാന്തി, കൺവീനർ, എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ

"കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ എണ്ണം കുറവാണ്. ഒരാഴ്ചക്കുള്ളിൽ നിർമ്മാണജോലികൾ വേഗതയിലാക്കും

-സ്മിത, അസി. എക്സിക്യൂട്ടീവ് എൻജിനീയർ