
അമ്പലപ്പുഴ : വീട്ടുനമ്പരും റേഷൻ കാർഡും ലഭിക്കാത്തതിനെത്തുടർന്ന് വിധവാ പെൻഷൻ മുടങ്ങുമോ എന്ന ഭീതിയിൽ വൃദ്ധ. പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡ് കരൂർ പൂച്ചപ്പറമ്പിൽ ജഗദമ്മയാണ് ( 72) വീട്ടുനമ്പരിനായി പഞ്ചായത്ത് ഓഫീസിൽ കയറിഇറങ്ങുന്നത്.
ഭർത്താവ് ഉത്തമൻ പത്തു വർഷം മുമ്പ് മരിച്ചു. പെൺമക്കൾ രണ്ടു പേരേയും വിവാഹംചെയ്തയച്ച ശേഷം ഏക മകൻ ലാലിക്കും മരുമകൾക്കുമൊപ്പം കഴിഞ്ഞു വരികയായിരുന്നു. 5 വർഷം മുമ്പ് ലാലി അപകടത്തിൽ മരിച്ചു. പിന്നീട് മരുമകൾ ഓഹരിസ്ഥലം വാങ്ങി വേറെ താമസമായി. ഇളയ മകൾ ഗംഗക്കു നൽകിയ 4 സെന്റ് സ്ഥലത്ത് ഷെഡ് വെച്ചാണ് ജഗദമ്മ ഇപ്പോൾ താമസിക്കുന്നത്. ഗംഗ ഭർത്താവിനൊപ്പം ബാംഗ്ലൂരിലാണ് താമസം.
ഷെഡ് വെച്ച ശേഷം വീട്ടുനമ്പരിനായി ഗംഗ പുറക്കാട് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. വിധവാ പെൻഷൻ തുടരാനായി പഞ്ചായത്തിൽ റേഷൻ കാർഡ് ഹാജരാക്കണമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ജഗദമ്മ ഓൺലൈനായി റേഷൻ കാർഡിന് അപേക്ഷിച്ചു .പിന്നീട് സപ്ലൈ ഓഫീസിൽ പോയി തിരക്കിയപ്പോൾ റേഷൻകാർഡ് മരുമകളുടെ പേരിലാക്കിയെന്നറിഞ്ഞു.
പുതിയ റേഷൻ കാർഡ് ലഭിക്കണമെങ്കിൽ ഇവർ താമസിക്കുന്ന ഷെഡിന് നമ്പർ ലഭിക്കണം. ഒരു വർഷമായി ഇതിനായി പഞ്ചായത്തിൽ കയറി ഇറങ്ങുകയാണ് ജഗദമ്മ. കമ്മറ്റി കൂടിയതിനു ശേഷം നമ്പർ തരാമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. തന്റെ ഏക വരുമാനമാർഗമായ പെൻഷൻ മുടങ്ങുമോ എന്ന ഭീതിയിലാണ് ജഗദമ്മ.