s

അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡുകളിൽ രോഗികൾ നിറഞ്ഞു. കൊവിഡ് വാർഡുകളായ 4, 5 വാർഡുകളിൽ 80 രോഗികളെയാണ് പ്രവേശിപ്പിക്കാവുന്നത്. എന്നാൽ 103 ഓളം കൊവിഡ് രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്.

ഐ.സി.യുവിൽ 15 രോഗികളും, വെൻ്റിലേറ്ററിൽ 6 കൊവിഡ് രോഗികളുമുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിൽ സി കാറ്റഗറിയിലുള്ള ഗുരുതര രോഗികളെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമെങ്കിലും ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികളിൽ നിന്ന് ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണെന്ന് ആശുപത്രി സൂപ്രണ്ട് സജീവ് ജോർജ് പറഞ്ഞു.കായംകുളം, മാവേലിക്കര,ഹരിപ്പാട് തുടങ്ങിയ താലൂക്ക് ആശുപത്രികളിലും, ജില്ലാ ആശുപത്രിയിലും ,കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുകയാണെങ്കിൽ, കൂടുതൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് ബാധിതർക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നല്ല ചികിത്സ നൽകാൻ കഴിയുമെന്ന് നോഡൽ ഓഫീസർ സന്തോഷ് രാഘവൻ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ ഒന്നും, രണ്ടും ഘട്ടങ്ങളിൽ ചെയ്തതുപോലെ പഞ്ചായത്ത് അടിസ്ഥാനത്തിൽ സി.എഫ്.എൽ.ടി.സികൾ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.