ചാരുംമൂട്: രാവും പകലും തെരുവുനായ്കൂട്ടങ്ങൾ പൊതുനിരത്തുകൾ കൈയ്യടക്കുമ്പോൾ ചാരുംമൂട് പ്രദേശത്ത് വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഭയപ്പാടിലാണ്. കെ പി റോഡിൽ വെട്ടിക്കോട്, കരിമുളയ്ക്കൽ , ചാരുംമൂട് , നൂറനാട് ഐ ടി ബി പി , പാറ ജംഗ്ഷൻ എല്ലാമായി നൂറുക്കണക്കിന് നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. നൂറനാട് പള്ളിമുക്ക് - ആനയടി റോഡിലും , വെട്ടിക്കോട് -കണ്ണനാകുഴി റൂട്ടിലും നായ്ക്കളുടെ ശല്യം അസഹ്യമാണ്. ഇവ കൂട്ടമായി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുവാൻ തുടങ്ങിയത് കൂടുതൽ ഭീഷണി ഉയർത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ വെട്ടിക്കോട് മേപ്പള്ളി കുറ്റി പ്രദേശങ്ങളിലെ വീടുകളിൽ വളർത്തിയിരുന്ന ആടുകളെയും കോഴികളെയും തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നിരുന്നു. താമരക്കുളം ചത്തിയറ പ്രദേശത്തും തെരുവുനായ ശല്യമുണ്ട്. പാലമേൽ പഞ്ചായത്തിലെ മുതുകാട്ടുകര ഭാഗത്ത് രോഗബാധിതരായ ഒരുകൂട്ടം നായ്ക്കൾ പ്രദേശവാസികൾക്ക് ഭീഷണിയാവുന്നു. രോമങ്ങൾ പൊഴിഞ്ഞ് പുഴുവും ചെള്ളും നിറഞ്ഞ ശരീരവുമായി സമീപപ്രദേശത്തെ വീടുകളുടെ സിറ്റൗട്ട്കളിലും കാർ പോർച്ചുകളിലും കയറി കിടക്കുന്ന നായ്ക്കൾ രോഗ ഭീഷണിയുയർത്തുന്നു. അറവുശാലകളിൽ നിന്നും കോഴിക്കടകളിൽ നിന്നുമുള്ള അവശിഷ്ടങ്ങളും ചെറിയ കവറുകളിലാക്കി രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ റോഡുകളുടെ ഇരുവശങ്ങളിലും നിക്ഷേപിക്കുന്നതാണ് തെരുവുനായ്ക്കൾ ഇവിടങ്ങൾ താവളം ആക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇരുപതും മുപ്പതും വരുന്ന നായ്ക്കളുടെ കൂട്ടം ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾക്കു പിന്നാലെ ചീറി അടുക്കുന്നതും പതിവുകാഴ്ചയാണ്. നായ്ക്കൾ പാഞ്ഞടുക്കുമ്പോൾ ബാലൻസ് തെറ്റി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ഈ പ്രദേശങ്ങളിൽ പ്രഭാത സവാരി നടത്തി വന്നിരുന്നവരിൽ മിക്കവരും നായ്ക്കളെ ഭയന്ന് നടത്തം ഉപേക്ഷിച്ചു. പ്രശ്നത്തിന് കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പോംവഴി കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിലച്ചതാണ് നായ്ക്കളുടെ എണ്ണം വൻ തോതിൽ വർദ്ധിക്കാൻ കാരണമെന്ന് ഇവർ പറയുന്നു.
ചാരുംമൂട് ജംഗ്ഷനും മാർക്കറ്റും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരവും എല്ലാം നായ്ക്കളുടെ താവള കേന്ദ്രങ്ങളാണിപ്പോൾ. മുൻപ് ഇവിടുന്ന് വന്ധ്യംകരണത്തിന് പിടിച്ച് കൊണ്ടുപോയ നായ്ക്കളെ തിരിച്ച് കൊണ്ടുവന്നപ്പോൾ അതിൽ കൂടുതൽ നായ്ക്കളെ പ്രദേശത്ത് ഉപേക്ഷിച്ചുവെന്നും ആക്ഷേപമുണ്ട്.
മുടങ്ങിയ നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി പുനരാരംഭിക്കണം. അക്രമകാരികളായ നായകളെ പിടികൂടാൻ വേണ്ട നടപടി സ്വീകരിക്കണം.
-മഹേഷ് വെട്ടിക്കോട്
പാതയോരങ്ങളിലെ മത്സ്യ- മാംസ വിൽപ്പന നിയന്ത്രിക്കണം. രാത്രികാലങ്ങളിൽ മാംസ വേസ്റ്റുകൾ റോഡരികിൽ തള്ളുന്നത് തടയാനും നടപടി സ്വീകരിക്കണം
- പ്രദേശവാസികൾ