കായംകുളം: കായംകുളം സർക്കാർ ആശുപത്രിയിൽ നിലവിലുള്ള മൂന്നുനില കെട്ടിടത്തിൽ രണ്ടു നില കൂടി പണിയുന്നതിനായി സംസ്ഥാന ബഡ്ജറ്റിൽ പണം അനുവദിയ്ക്കണമെന്ന് എ എം ആരിഫ് എം.പി യുടെ സാന്നിദ്ധ്യത്തിൽ നടന്ന ആശുപത്രി മാനേജിംഗ് കമ്മി​റ്റി യോഗം ആവശ്യപ്പെട്ടു.

മോർച്ചറി വിപുലീകരിയ്ക്കുന്നതിനായി എം.പി ഫണ്ടിൽ നിന്നും പണം അനുവദി​ക്കുമെന്ന് എം.പി​ ഉറപ്പു നൽകി. ഓർത്തോ വിഭാഗം ഓപ്പറേഷനുമായി ബന്ധപ്പെട്ട പ്രവർത്തനരഹിതമായ മെഷീൻ തുടർന്ന് പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ നടത്തും.

നഗരസഭാ ചെയർപേഴ്സൺ പി ശശികല അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെ ആദർശ്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫർസാന ഹബീബ്, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് സുൽഫിക്കർ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.