വള്ളികുന്നം: വീട്ടുമുറ്റത്ത് നിന്ന പശുവിനെ വെട്ടിപരിക്കേൽപ്പിച്ചതായി പരാതി. വള്ളികുന്നം തോണ്ടാൻ ചിറയിൽ സെലിൻ ഗോപിയുടെ പശുവിനെയാണ് റബ്ബർ ടാപ്പ് ചെയ്യുന്ന കത്തി ഉപയോഗിച്ച് വെട്ടിയത്. നാലു മാസം ഗർഭിണിയായ പശുവിന്റെ ദേഹത്തും മുറിവേൽപ്പിച്ചു. ആഴത്തിൽ മുറിവേറ്റ പശുവിനെ വള്ളികുന്നം മൃഗാശുപത്രിയിൽ നിന്നും മിൽമ സബ് സെന്ററിൽ നിന്നും എത്തിയ ഡോക്ടർമാർ പ്രാഥമിക ശ്രുശ്രൂഷ നൽകി. വീടിന്റെ മുറ്റത്തേയ്ക്ക് തൊട്ടടുത്ത പുരയിടത്തിൽ നിന്നും റബറിന്റെ വേര് വളർന്നിരുന്നു. അതിൽ പശുവിന്റെ കയർ കെട്ടിയിട്ടതാണ് അക്രമത്തിന്റെ കാരണമെന്ന് സെലിൻ ഗോപി പറഞ്ഞു. വള്ളികുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.