മാവേലിക്കര: റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം ഉൾപ്പെടുന്ന ഫ്‌ളോട്ട് ഒഴിവാക്കിയ സംഭവം ജനുവരി 31ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബഡ് ജറ്റ് സമ്മേളനത്തിൽ ലോക്‌സഭയിൽ ഉന്നയിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയം ഫ്ലോട്ടിനു അനുമതി നിഷേധിച്ചത് അതീവ ഗൗരവമായ വിഷയമാണെന്നും കേരളത്തിന്റെ ശക്തമായ പ്രതിഷേധം ലോക്‌സഭയിൽ അവതരിപ്പിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. നടപടി ശ്രീനാരായണീയ സമൂഹത്തോടും കേരളത്തോടും ഗുരുദേവൻ ഉയർത്തിപ്പിടിച്ച നവോത്ഥാന മൂല്യങ്ങളോടുമുള്ള തികഞ്ഞ അനീതിയാണ്. സംസ്ഥാന സർക്കാരും ശ്രീനാരായണ ഗുരുദേവന്റെ ശിൽപം അടങ്ങിയ ഫ്‌ളോട്ട് കൃത്യതയോടെയും ഗൗരവപൂർണമായും തയ്യാറാക്കുന്നതിൽ പരാജയപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പ്രസ്തുത കമ്മിറ്റി നിർദേശിക്കുന്ന രീതിയിൽ, നിർദേശങ്ങൾ പാലിച്ചുകൊണ്ട് കൃത്യമായ നിലവാരത്തിൽ ഫ്‌ളോട്ട് തയാറാക്കാൻ സംസ്ഥാന സർക്കാർ തയാറാവാഞ്ഞത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ബി.ജെ.പിയുടെ ഗുരുദേവനോടുള്ള സ്നേഹം വെറും കാപട്യമാണ്. ബി.ജെ.പി നേതാക്കൾ വോട്ടുബാങ്ക് ലക്ഷ്യം വെച്ചുകൊണ്ടാണ് ശ്രീനാരായണ ഗുരുദേവനെയും ശ്രീനാരായണീയ പ്രസ്ഥാനങ്ങളെയും കാണുന്നത് എന്ന് ഈ സംഭവത്തോടെ വ്യക്തമായതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഫ്‌ളോട്ട് തയ്യാറാക്കിയതിൽ എന്തെങ്കിലും വീഴ്ച വന്നുവെങ്കിൽ അത് തിരുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണമായിരുന്നു. അതിനു പകരം ഫ്‌ളോട്ട് ഒഴിവാക്കിയത് അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടി എടുക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.