
അമ്പലപ്പുഴ: പ്രൊഫഷണൽ ടീം ഉപയോഗിക്കുന്ന ക്രിക്കറ്റ് ബാറ്റിൽ തുടർച്ചയായി 2 മണിക്കൂർ 32 മിനിറ്റ് ക്രിക്കറ്റ് ബാൾ തട്ടി (ബോൾ ടാപ്പിംഗ് ഡ്രിൽ) ഏഷ്യാ ബുക്ക് ഓഫ് റെക്കാഡിൽ ഇടം നേടുന്ന ആദ്യ മലയാളിയായി അമൽ കൃഷ്ണൻ. പുറക്കാട് 18-ാം വാർഡ് പുത്തൻ പറമ്പിൽ രാജേഷ് - സജിത ദമ്പതികളുടെ മകനാണ് ഈ പതിനേഴുകാരൻ. ഹരിപ്പാട് ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അമൽ നാല് മാസത്തെ നിരന്തര പരിശീലനത്തിനൊടുവിലാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. രണ്ട് വർഷം മുമ്പാണ് ക്രിക്കറ്റ് പരിശീലനം ആരംഭിച്ചത്. ഇതിനിടെ ബോൾ ടാപ്പിംഗ് ഡ്രില്ലിൽ ഗിന്നസ് ബുക്കിലിടം നേടിയ ചേർത്തല സ്വദേശിയെക്കുറിച്ചറിഞ്ഞു. ഇതോടെ ക്രിക്കറ്റിനൊപ്പം ഈയിനത്തിലും പരിശീലനം ആരംഭിച്ചു. ഡിസംബറിൽ അപേക്ഷ സമർപ്പിച്ച് പരിശീലനത്തിന്റെ ദൃശ്യം ഏഷ്യാ ബുക്ക് ഓഫ് റെക്കാഡ് അധികൃതർക്ക് അയച്ചു നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് റെക്കാഡിനർഹനായി അറിയിപ്പ് ലഭിച്ചത്.