sandeep
സന്ദീപ്

മാന്നാർ: റെയിൽവേയിലും എയർപോർട്ടി​ലും ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ യുവാക്കളിൽ നിന്നും ഇരുപത് ലക്ഷത്തോളം രൂപ തട്ടി​ച്ച കേസിൽ രണ്ടു പേരെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് കണ്ണാടിക്കൽ വെങ്ങേരി ശ്രീഹരിചേതന വീട്ടിൽ സന്ദീപ് കെ.പി (42), തിരുവനന്തപുരം തൈക്കാട് ആഞ്ജനേയ വീട്ടിൽ ശങ്കർ.ഡി (52) എന്നിവരാണ് പി​ടി​യി​ൻലായത്. 2021 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി മാന്നാർ കുരട്ടിക്കാട് സ്വദേശികളായ യുവാക്കളിൽ നിന്നും വിമാനത്തിൽ കാബിൻക്രൂ ആയും റെയിൽവേ ഡിവിഷണൽ ഓഫീസി​ൽ ജോലിയും വാഗ്ദാനം ചെയ്ത് യഥാക്രമം ആറ് ലക്ഷവും പതിനാലു ലക്ഷംരൂപയും വാങ്ങിയി​രുന്നു.

പണം നൽകിമാസങ്ങളായിട്ടും വിവരങ്ങൾ ഒന്നും ഇല്ലാതെ വന്നപ്പോൾ ഫോണിലും അല്ലാതെയും ബന്ധപ്പെടുമ്പോൾ ഓരോ അവധി പറഞ്ഞ് പറ്റിക്കുകയായിരുന്നു. പ്രതികൾ നൽകിയിരുന്ന ഇരുപത് ലക്ഷം രൂപയുടെചെക്ക് ബാങ്കിൽ നൽകിയപ്പോൾ ഉപയോഗിക്കാത്ത അക്കൗണ്ടിലെ ചെക്കാണ് നൽകിയതെന്ന് മനസിലായതിനെ തുടർന്ന് യുവാക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

മാന്നാറിൽ പ്രതികളെ അറസ്റ്റ് ചെയ്തതറിഞ്ഞ് സമാനതട്ടിപ്പിന് ഇരയായ ഹരിപ്പാട് നിന്നുമുള്ളവർ സന്ദീപിന്റെ പേരിൽ ഹരിപ്പാട് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ. ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ഹരോൾഡ് ജോർജ്, അഡിഷണൽ എസ്‌ഐ ബിന്ദു, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, സജീവ്, സാജിദ്, ഹോം ഗാർഡ് മാരായ ഷിബു, ജോൺസൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ തിരുവനന്തപുരം നന്ദാവനത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

ഫോട്ടോ: സന്ദീപ്, ശങ്കർ