അമ്പലപ്പുഴ: അബ്കാരി കേസിൽ റിമാൻഡിലായ പ്രതിയുടെ വീട്ടിൽ അന്വേഷണത്തിനെത്തിയ പൊലീസ് വയോധികനായ പിതാവിനെയും സഹോദരനെയും മർദ്ദിച്ചതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കളരിക്കൽ പരമേശ്വരൻ (77), മകൻ സുരേഷ് എന്നിവരെ അമ്പലപ്പുഴ പൊലീസ് മർദ്ദിച്ചതായി കാണിച്ച് പരമേശ്വരന്റെ ഇളയ മകൻ രാജേഷാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഇന്നലെ പകൽ 2.30നായിരുന്നു സംഭവം. അബ്കാരി കേസിൽ റിമാൻഡിലായ മനോജിന്റെ ഉടമസ്ഥതയിലുള്ള വാഹനം പിടിച്ചെടുക്കാനായി പൊലീസ് രാവിലെ വീട്ടിലെത്തിയിരുന്നു. വാഹനം തകരാറിലായതിനാൽ അമ്പലപ്പുഴ പൊലീസ് ഉച്ചയ്ക്ക് ശേഷം പിക്കപ്പ് വാനുമായി എത്തിയപ്പോൾ, തൊണ്ടിമുതലായ വാഹനം സ്ഥലത്തുണ്ടായിരുന്നില്ല. ഇതേച്ചൊല്ലിയുള്ള വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. എന്നാൽ വീടിന് മുന്നിൽ രാവിലെ പാർക്ക് ചെയ്തിരുന്നത് മറ്റൊരാളുടെ വാഹനമാണെന്നാണ് കുടുംബത്തിന്റെ നിലപാട്. പിതാവിനെ മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയപ്പോഴാണ് സുരേഷിനും അടിയേറ്റതെന്ന് പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ അണപ്പല്ല് ഇളകിയ പരമേശ്വരനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.