കാലാവസ്ഥാ വ്യതിയാനത്തിൽ ജൈവപച്ചക്കറി ഉത്പാദനം കുത്തനേ കുറഞ്ഞു
ആലപ്പുഴ: അടിക്കടിയുള്ള മഴയും വേലിയേറ്റവും കാരണം ജൈവ പച്ചക്കറി മേഖലയിൽ ഉത്പാദനത്തിൽ വൻ ഇടിവ്. മുൻ വർഷത്തേക്കാൾ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വിളവിറക്കുന്നതിൽ നിന്ന്
കർഷകർ പിൻവാങ്ങിയതാണ് കാരണം.
കഴിഞ്ഞ വർഷം 5777 ഹെക്ടർ സ്ഥലത്താണ് വിവിധ ഇനം പച്ചക്കറി കൃഷിയിറക്കിയത്. ഇത്തവണ ഇതുവരെ 2780 ഹെക്ടർ സ്ഥലത്തേ കൃഷിയിറക്കിയുള്ളൂ. കഴിഞ്ഞ വർഷം 70,084 മെട്രിക് ടൺ പച്ചക്കറി ഉത്പാദിപ്പിച്ചപ്പോൾ തനത് വർഷം 35,985മെട്രിക് ടൺ പച്ചക്കറിയാണ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്. ഇതുവരെ വിവിധയിനം 15 ലക്ഷം പച്ചക്കറി തൈകളും 4ലക്ഷം വിത്തും വിതരണം ചെയ്തു. കുട്ടനാട്, അപ്പർ കുട്ടനാട്, ഓണാട്ടുകര, കരപ്പുറം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വിളകളാണ് മഴ ഭീഷണിയിലായത്. അത്യുല്പാദന ശേഷിയുള്ള പച്ചക്കറിയും ഇടവിളകളുമാണ് ഇറക്കാറുള്ളത്. തോരാമഴയും വേലിയേറ്റവും മൂലം കൃഷിയിടങ്ങളിൽ വെള്ളം കയറികിടക്കുന്നതിനാൽ വിളവ് ഇറക്കാൻ വൈകിയിട്ടുമുണ്ട്. കൃഷി വകുപ്പും കുടുംബശ്രീ യൂണിറ്റും നടപ്പാക്കിയ പച്ചക്കറി പദ്ധതിയിൽ അംഗങ്ങളായ കർഷകരും ദുരിതത്തിലായി.
#നാടന് വൻ ഡിമാൻഡ്
വിലക്കുറവുള്ളതിനാൽ പൊതുവിപണിയിൽ നാടൻ പച്ചക്കറിക്ക് പ്രിയമാണ്. വിഷരഹിത പച്ചക്കറികൾ വാങ്ങാൻ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തിച്ച കാർഷിക വിപണന കേന്ദ്രങ്ങളിൽ വലിയ തിരക്കാണ്. കഴിഞ്ഞ ഓണക്കാലത്ത് മാത്രം 107 ചന്തകളിലൂടെ 115 ടൺ പച്ചക്കറി വിറ്റഴിച്ചു. 32,25,144 രൂപയാണ് വിറ്റുവരവായി ലഭിച്ചത്. പൊതുവിപണിയേക്കാൾ പ്രാദേശിക കർഷകരിൽ നിന്ന് പത്ത് ശതമാനം വില കൂട്ടിയാണ് പച്ചക്കറികൾ സംഭരിച്ചത്. 30 ശതമാനം വില കുറച്ചായിരുന്നു വിൽപന നടത്തിയത്.
"വേനൽക്കാലം ലക്ഷ്യം വച്ച് വിളവിറക്കിയ പച്ചക്കറി കൃഷിയാണ് കാലംതെറ്റിയ മഴ ചതിച്ചത്. വളർച്ചയുടെ നല്ല സമയത്ത് തണുപ്പ് വർദ്ധിച്ചാൽ ഉദ്ദേശിച്ച വിളവ് ലഭിക്കില്ല. വീണ്ടും വിളവ് ഇറക്കിയെങ്കിലും കാര്യമായ വിളവ് ലഭിക്കുമെന്ന പ്രതീക്ഷയില്ല.
ബാബു, കർഷകൻ, തോട്ടപ്പള്ളി
"കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ വർത്തേക്കാൾ പച്ചക്കറി കൃഷിയിറക്കിയ കർഷകരുടെ എണ്ണം കുറവാണ്. ജില്ലയിൽ ഈ വർഷം 15ലക്ഷം വിവിധയിനം തൈകളും നാല് ലക്ഷം വിത്തുകളും വിതരണം ചെയ്തു. ഓണാട്ടുകര പ്രദേശത്ത് വിളവ് ഇറക്കിയിട്ടുണ്ട്.
ശ്രീരേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ.
5,777
#കഴിഞ്ഞ വർഷം
വിളവിറക്കിയ ഭൂമി 5,777ഹെക്ടർ
70,084
ലഭിച്ച വിളവ് 70,084 മെട്രിക്ടൺ
2,780
#നിലവിൽ
വിളവിറക്കിയ ഭൂമി 2,780ഹെക്ടർ
35,985
ലഭിച്ച വിളവ്:35,985 മെട്രിക്ടൺ
വിത്ത്: നാല് ലക്ഷം
തൈ:15 ലക്ഷം
വിളകൾ
മരച്ചീനി, വെണ്ട, വഴുതന, പയർ, ചീര, കുമ്പളം, മുളക്, പാവൽ, പീച്ചിൽ, പടവലം, ചതുരപയർ, കുക്കുമ്പർ, പച്ചമുളക്, വാളരി,ഏത്തവാഴ, ഞാലിപൂവൻ, ചേമ്പ്, ചേന, മഞ്ഞൾ, ഇഞ്ചി.