kooryathkadav-1
മാന്നാർ കൂര്യത്ത്കടവ്

മാന്നാർ: ദക്ഷി​ണകേരളത്തി​ലെ തന്നെ സുപ്രധാന വാണിജ്യ-വ്യാപാര സിരാകേന്ദ്രമായിരുന്ന പമ്പാനദിയുടെ തെക്കേക്കരയിലുള്ള കൂര്യത്ത്കടവി​ന്റെ പ്രാധാന്യം അസ്തമി​ച്ചുവോ? പഴയകാല പ്രതാപത്തി​ന്റെ ഓർമകളി​ലാണ് ഇന്ന് മാന്നാർ കുര്യത്ത്കടവെങ്കി​ലും വി​കസനവഴി​യി​ലേയ്ക്ക് കടവി​ന് ഇനി​യുമെത്താൻ കരുത്തുണ്ടെന്ന വി​ശ്വാസത്തി​ലാണ് തദ്ദേശ നി​വാസി​കൾ.

മഹാത്‌മ ജലോത്സവ സ്റ്റേഡിയത്തിന്റെ പടവുകൾ പുനർ നി​ർമി​ച്ചും ബോട്ട് സർവീസുകൾ പുനരാരംഭി​ച്ചും വി​കസന വഴി​യി​ലേയക്ക് കടവി​നെ എത്തി​ക്കാമെന്ന് ഇവർ കരുതുന്നു.

കാലത്ത് മട്ടാഞ്ചേരി, ആലപ്പുഴ, കോട്ടയം ദേശങ്ങളിൽനിന്നും എത്തിയിരുന്ന കച്ചവടക്കാരുടെ പ്രധാന വാണിജ്യ കേന്ദ്രമായി​രുന്നു മാന്നാർ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിലുള്ള കൂര്യത്ത്കടവ്. മദ്ധ്യതിരുവിതാംകൂറിലെ അതിപുരാതന കാർഷിക-മത്സ്യ വിപണനകേന്ദ്രം കൂടിയായിരുന്ന ഇവി​ടെ കുട്ടനാട്-അപ്പർ കുട്ടനാട് മേഖലകളിൽനിന്നും എത്തിക്കുന്ന കാർഷികവിളകളും മറ്റും മൊത്തമായുംചില്ലറയായും വാങ്ങുവാൻ ദൂരെദിക്കുകളിൽ നിന്ന് ആളുകൾ ഇവിടെയെത്തിയിരുന്നു. കിഴക്കൻ പ്രദേശങ്ങളിൽ നിന്നള്ള മലഞ്ചരക്കുകളുടെ വ്യാപാരവും ഇവിടെ നടന്നിരുന്നു. വീയപുരം തടി ഡിപ്പോയിലേക്ക് പമ്പയാറ്റിലൂടെ കൂറ്റൻ മരങ്ങളുമായി എത്തുന്നവർക്കൊരു വിശ്രമിക്കാനൊരു ഇടത്താവളം കൂടിയായിരുന്നു ഇവി​ടം. ഉൾനാടൻ മത്സ്യതൊഴിലാളികൾ പുലർച്ചെ രണ്ടുമണിക്കും നാലുമണിക്കും മത്സ്യങ്ങൾ എത്തിച്ച് വിപണനംനടത്തിയിരുന്ന തിരക്കേറിയ ലേലക്കടവും ഇവി​ടെയുണ്ടായി​രുന്നു. സൊസൈറ്റികെട്ടിടവും നശിച്ചു. ആലപ്പുഴ,എറണാകുളം,കോട്ടയം സർവീസുകളുടെ പ്രധാന ബോട്ട്ജെട്ടിയായിരുന്ന ഇവിടം.

കൂര്യത്ത്കടവിൽ കടത്ത് വള്ളത്തിലേറി അക്കരേക്ക്പോകാൻ തിരക്ക് തന്നെയാണ്. കടപ്രപഞ്ചായത്തിലെ എം.എസ്.എം യു.പിസ്‌കൂൾ, സെന്റ്മേരീസ് ഹൈസ്‌കൂൾ, ഐ.ടി.ഐ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മാർത്തമറിയം സെന്റ്മേരീസ് ദേവാലയം, നിരണം സെന്റ്മേരീസ് ഓർത്തഡോക്സ് സുറിയാനിപള്ളി തുടങ്ങിയ ദേവാലയങ്ങളിലേക്കും പോയിവരുന്നതിനായി കടത്ത് വള്ളത്തിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാവുക്കര സെന്റപീറ്റേഴ്സ് ചർച്ച് സ്ഥിതിചെയ്യുന്നതും ഈ കടവിലാണ്.

പ്രശസ്തമായ മത്സര വള്ളംകളിയായ മഹാത്മ ജലോത്സവം നടക്കുന്നത് കൂര്യത്ത്കടവ് മുതൽ കരുവേലിക്കടവ് വരെയുള്ള ഒന്നേകാൽ കി.മീ നെട്ടായത്തിലാണ്. ഇത്രയും നേരായദിശയിലുള്ള, ഗതാഗത സൗകര്യങ്ങളുള്ള ജലോത്സവനെട്ടായം മറ്റെങ്ങും ഇല്ലെന്ന് നാട്ടുകാർ പറയുന്നു.

ജില്ലാ പഞ്ചായത്തംഗമായിരുന്ന ജേക്കബ്തോമസ്അരികുപുറം 2000ൽ മുൻകൈയെടുത്ത് നിർമിച്ച മഹാത്‌മ ജലോത്സവ സ്റ്റേഡിയത്തിന്റെ പടവുകൾ തകർന്നതോടെ വള്ളങ്ങൾക്ക് കരയ്ക്ക് അടുക്കുവാനും കുളിക്കുവാനും നനയ്ക്കുവാനും എത്തുന്നവർക്ക് ആറ്റിലേക്ക് ഇറങ്ങാനും കഴിയാതെയായി.

.................................................

മഹാത്‌മ ജലോത്സവ സ്റ്റേഡിയത്തിന്റെ പടവുകൾ പുനർനിർമ്മിച്ച് അനുബന്ധസൗകര്യങ്ങൾ ഒരുക്കിയാൽ ഉൾനാടൻ മത്സ്യതൊഴിലാളികൾക്ക് മത്സ്യവിപണനത്തിനു കൂടുതൽ സാദ്ധ്യമാവുകയും ജലോത്സവപ്രേമികൾക്ക് വള്ളംകളി വീക്ഷിക്കാനുള്ള സൗകര്യവുമേറും.

രവിതൈച്ചിറ, മഹാത്മാ ജലോത്സവസമിതി സെക്രട്ടറി

ബോട്ട് സർവീസുകൾ പുനരാരംഭിച്ചാൽ ടൂറിസത്തിനും കാർഷികമേഖലയുടെ അഭിവൃദ്ധിക്കും പ്രയോജനകരമാകും. ജയലാൽ എസ്.പടീത്തറ, മുൻഗ്രാമപഞ്ചായത്തംഗം, എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കൺവീനർ

...................................................