
അമ്പലപ്പുഴ: കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെത്തിക്കളത്തെ (57) പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ പ്രാർത്ഥനക്ക് വികാരിയെ കാണാതെ വന്നതോടെ വിശ്വാസികൾ തിരക്കി ചെന്നപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് മുറി ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോൾ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. പച്ച ചെക്കിടിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നെത്തിയ ഡോക്ടർ പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തി. നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നയാളായിരുന്നു വികാരി. മൃതദേഹം ചങ്ങനാശേരിയിലെ സ്വവസതിയിലേക്ക് കൊണ്ടു പോയി.