മാന്നാർ: നാഥനില്ലാതെ കിടന്നിരുന്ന എസ്.എൻ.ഡി.പി യോഗത്തെ കഴിഞ്ഞ 25 വർഷക്കാലത്തെ ചടുലവും ക്രിയാത്മകവുമായ നേതൃത്വത്തിലൂടെ നയിച്ചുവരുന്ന യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ പരിപൂർണ പിന്തുണ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രഖ്യാപിച്ചു. വിവാഹ മരണാനന്തര കർമ്മങ്ങൾ , ചതയം-മഹാസമാധി തുടങ്ങി​യ പ്രവർത്തനങ്ങളുമായി​ കഴി​ഞ്ഞുവന്ന ശാഖായോഗങ്ങളെ അടിമുടി മാറ്റിമറിച്ച് കേരളത്തിലെ ഏറ്റവും മികച്ച സാമുദായിക സംഘടനയായി പുനർകല്പന ചെയ്തത് ഈക്കഴിഞ്ഞ 25 വർഷത്തെ യോഗം ജനറൽ സെക്രട്ടറിയുടെ അക്ഷീണയത്നഫലമാണ്.

ഏതൊരു ഈഴവനെയും സ്വത്വബോധമുള്ളവനാക്കി സമൂഹത്തിൽ വിലയും നിലയുമുള്ളതാക്കി തീർത്തതും വെളളാപ്പള്ളി നടേശന്റെ ഭാവനാപൂർണമായ നേതൃത്വം ഒന്നുകൊണ്ടു മാത്രമാണ്. മൈക്രോ ഫിനാൻസിലൂടെ കോടിക്കണക്കിന് സാധാരണ സ്ത്രീ ജനങ്ങളെ സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലമുള്ളവരും ആത്മവിശ്വാസമുള്ളവരാക്കി തീർത്തതും ആ കർമ്മകുശലതയും ദീർഘവീക്ഷണവുമാണെന്നും അടിയന്തര യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മി​റ്റി പ്രമേയം അഭിപ്രായപ്പെട്ടു. എക്കാലത്തെയും മഹാനായ യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാന്നാർ യൂണിയന്റെ പരിപൂർണ പിന്തുണയും ഡോ.എം.പി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അടിയന്തര യോഗം പ്രഖ്യാപിച്ചു.
പ്രമേയം യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അവതരിപ്പിച്ചു. കമ്മി​റ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല,നുന്നു പ്രകാശ്,ഹരിലാൽ ഉളുന്തി,ഹരിപാലമൂട്ടിൽ എന്നിവർ സംസാരിച്ചു.