ambala

അമ്പലപ്പുഴ :വണ്ടാനം പടിഞ്ഞാറ് മാധവ മുക്കിന് സമീപം മദ്യപ സംഘം ബഹളം വയ്ക്കുന്നതറി​ഞ്ഞെത്തിയ പൊലീസിന്റെ ജീപ്പ് തടഞ്ഞതിനും സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും കണ്ടാലറിയാവുന്ന 24 പേർക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. ഇതിൽ 12 പേരുടെ അറസ്റ്റു രേഖപ്പെടുത്തി. വണ്ടാനം സ്വദേശികളായ അരുൺ (33), പ്രവീൺ (23), ഹാഷ്‌ലാൽ (23), പ്രതീഷ് (32), ബാഹുലേയൻ (52), പ്രണവ് (22), മിഥുൻ (24), മിഥുൻ ലാൽ (25), ജിബിൻ (25), അനിൽ ബാബു (27), തിലകൻ (57), ഗണേശൻ (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മറ്റുള്ളവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.

തിങ്കളാഴ്ച രാത്രി 10 ഓടെ മാധവ മുക്കിന് പടിഞ്ഞാറ് കുരിശടിക്കു സമീപമായിരുന്നു സംഭവം. യുവാക്കൾ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പുന്നപ്ര സി .ഐ പ്രതാപന്ദ്രനും പൊലീസുകാരും സ്ഥലത്തെത്തിയത്. കുരിശടിക്കു സമീപം നിന്നിരുന്ന അരുണിനെ പൊലീസ് ജീപ്പിൽ കയറ്റുന്നതു കണ്ട് സ്ത്രീകളടക്കമുള്ള പ്രദേശവാസികളെത്തി ജീപ്പു തടഞ്ഞു. ഇതിനിടെ പ്രതിഷേധിച്ചവരുടെ കല്ലേറിൽ ജീപ്പിന്റെ ചില്ലുകൾ പൊട്ടി. വിവരം അറിഞ്ഞ് അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഡിവൈ.എസ്.പി പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തുന്നതിനിടെ അദ്ദേഹത്തിന്റെ ജീപ്പിനു നേരെയും കല്ലേറുണ്ടായി. ചില്ലുകൾ തകരുകയും ചെയ്തു. കല്ലേറിൽ ഹോം ഗാർഡിനും, പ്രദേശവാസിയായ രോഹിണി എന്ന വീട്ടമ്മക്കും പരിക്കേറ്റു.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് 12 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായി​രുന്നു .പിന്നാലെ ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സംഘടിച്ച് രാത്രി വൈകിയും പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി. റോഡരികിൽ നിന്ന യുവാക്കളെ പൊലീസ് അകാരണമായി മർദ്ദിച്ചതിനാലാണ് ജീപ്പ് തടഞ്ഞതെന്നും, മുൻപും പൊലീസിന്റെ ഭാഗത്തു നിന്നും ഇത്തരം അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ ആരോപി​ച്ചു.