ആലപ്പുഴ: ബന്ധുവീട്ടിൽ വിവാഹത്തിനെത്തിയ യുവാവിനെ മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചു. ആലപ്പുഴ ആശ്രമം വാർഡിൽ ചെമ്മോത്ത് വീട്ടിൽ നന്ദു (സന്ദീപ്-18) വിനാണ് വെട്ടേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 9മണിയോടെ നന്ദുവിന്റെ പിതാവ് ശശികുമാറിന്റെ സഹോദരന്റെ പൂങ്കാവിലുള്ള വീടിന് സമീപത്തെ റോഡിൽ വെച്ചായിരുന്നു അക്രമം. ബന്ധുവിന്റെ വിവാഹത്തിന് എത്തിയപ്പോഴുണ്ടായ തർക്കത്തിൽ നന്ദുവിനെ കണ്ടാലറിയാവുന്ന മൂന്ന് യുവാക്കൾ ചേർന്ന് പുറത്തേക്ക് ഇറക്കികൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. തലയുടെ ഇടത് ഭാഗത്ത് ഗുരുതരമായി മുറിവേറ്റു. വിവാഹ വീട്ടിലുണ്ടായിരുന്നവർ നന്ദുവിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.