പൂച്ചാക്കൽ: തൊഴിലുറപ്പ് മേഖലയിൽ സംവരണ വിഭാഗത്തോട് വേർതിരിവ് കാണിക്കുന്നതായി പരാതി. പട്ടിക ജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് കഴിഞ്ഞ നാല് മാസമായി വേതനം ലഭിച്ചിട്ടില്ല. ഒരു വർഷം മുമ്പ് വരെ എല്ലാ തൊഴിലാളികൾക്കും ഒരേ തരത്തിലാണ് വേതനം ലഭിച്ചിരുന്നത്. ലഭ്യമാകുന്ന തുക എഫ്.ടി.ഒ (ഫയൽ ട്രാൻസ്‌ഫർ ഓർഡർ) വഴി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലും പിന്നീട് തൊഴിലുറപ്പ് മിഷന്റെ നിയന്ത്രണത്തിലുമുള്ള അക്കൗണ്ടുകൾ വഴിയാണ് തൊഴിലാളികളുടെ അക്കൗണ്ടിൽ എത്തുന്നത്. എന്നാൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൂറ് ദിവസ തൊഴിൽ നൽകാനെന്ന വ്യാജേന ജനറൽ വിഭാഗത്തിനും സംവരണ വിഭാഗത്തിനും പ്രത്യേക തൊഴിൽ ദിനങ്ങളും അക്കൗണ്ടും വേർതിരിച്ചുവെന്നാണ് ആക്ഷേപം. ജനറൽ വിഭാഗത്തിന് ഫണ്ട് കൃത്യമായി അക്കൗണ്ടിൽ എത്തുമ്പോൾ സംവരണ വിഭാഗത്തിന് തൊഴിലെടുത്തിട്ടും കൂലിക്കായി മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. വിഷയത്തിൽ എ.എം.അരീഫ് എം.പി പാർലമെന്റിൽ പ്രതിഷേധമുയർത്തിയപ്പോഴാണ് ആറുമാസമായി കിട്ടാതിരുന്ന കൂലി ഇവർക്ക് ലഭിച്ചത്. നിലവിൽ നാല് മാസത്തെ കുടിശ്ശികയുണ്ട്.
തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ വേതന കുടിശിക
എസ്.സി വിഭാഗം - 19,56,234 രൂപ
എസ്.ടി വിഭാഗം - 4 ലക്ഷം രൂപ
വിശപ്പകറ്റാൻ പണിയെടുത്തിട്ടും കൂലി നൽകാതെ തൊഴിലുറപ്പു തൊഴിലാളികളെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ തൊഴിലാളികളും പൊതു സമൂഹവും പ്രതിഷേധം ഉയർത്തണം
- കെ.രാജപ്പൻ നായർ, സി.പി.എം ചേർത്തല ഏരിയാ സെക്രട്ടറി