മാവേലിക്കര: ജില്ലാ ആശുപത്രിയിൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 33 ലക്ഷം രൂപാ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളുള്ള നാലു വെൻറിലേറ്ററുകൾ സ്ഥാപിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. 28ന് വൈകിട്ട് 4ന് 4 വെൻറിലേറ്ററുകളുടെ ഉദ്ഘാടനം നടത്തുമെന്നും എം.പി അറിയിച്ചു.

കൊവിഡ് കാലത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ആവശ്യമായ വെൻറിലേറ്റർ സൗകര്യം ഇതോടെ ലഭ്യമാകും. ഇത് കൂടാതെ എം.പി ഫണ്ടിൽ നിന്നും 30 ലക്ഷം രൂപാ ചെലവഴിച്ച് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡും നിർമ്മിച്ചുനൽകിയതായി എം.പി പറഞ്ഞു.ഐസൊലേഷൻ വാർഡ് ഇല്ലാതിരുന്നതിൻറെ കുറവ് എം.പി ഫണ്ടിൽ തുക അനുവദിച്ചതുമൂലം പരിഹരിക്കപ്പെട്ടതായും എം.പി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കാൻ 6.33 ലക്ഷം രൂപ എം.പി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. മാവേലിക്കര മുൻസിപ്പാലിറ്റിയിലെ ജനങ്ങൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മാവേലിക്കര മുൻസിപ്പൽ ഭരണസമിതിയുടെ ആവശ്യപ്രകാരം മികച്ച രീതിയിലുള്ള ആംബുലൻസിന് വേണ്ടി തുക അനുവദിച്ചത്.